| Saturday, 28th March 2015, 2:34 am

പോലീസ് മര്‍ദ്ദനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംല: സിംലയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ക്രൂരമായ പോലീസ് ലാത്തിച്ചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രിക്ക് നിവേധനം നല്‍കി.ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേധനം നല്‍കിയത്. സിംലയിലെ ഹിമാചല്‍ പ്രദേശ് നിയമസഭയ്ക്ക് പുറത്ത് നടന്ന പ്രതിഷേധത്തിലായിരുന്നു പോലീസ് സമരക്കാര്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടിരുന്നത്.

മാര്‍ച്ച് 18 ന് ആയിരുന്നു സംഭവം. മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് പോലീസ് സമരക്കാര്‍ക്കെതിരെ നടത്തിയതെന്നാണ് നിവേധനത്തില്‍ പറയുന്നത്. 14 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ എസ്.എഫ്.ഐ ഓള്‍ ഇന്ത്യ പ്രസിഡന്റ് ഡോ.വി ശിവദാസന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ കമ്മിറ്റി ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും അപേക്ഷയില്‍ പറയുന്നു.

കമ്മിറ്റി ഓഫീസില്‍വെച്ച് ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പോലീസിന്റെ കൈയില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ക്രൂരമായ പീഡനമാണ് ഇവര്‍ക്ക് നേരിടേണ്ടിവന്നതെന്നും 62 വയസുള്ള ഹൃദ്രോഹിയായ ഓഫീസ് സെക്രട്ടറിയെ കണ്ണില്‍ ചോരയില്ലാത്ത രീതിയിലാണ് പോലീസ് മര്‍ദ്ദിച്ചതെന്നും പരാതിക്കാര്‍ വിശദമാക്കുന്നു.

അറസ്റ്റ് ചെയ്ത് ജയിലില്‍ എത്തിച്ചവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം വരെ നിഷേധിച്ചെന്നും ആറ് പേര്‍ ഇപ്പോഴും പോലീസ് സ്‌റ്റേഷനിലാണെന്നും അപേക്ഷയില്‍ പറയുന്നു. അറസ്റ്റ് ചെയ്തവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more