| Tuesday, 11th April 2023, 11:40 pm

കേരളത്തിലെ ട്രെയിനുകളില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന ആവശ്യം; പൊതു താത്പര്യ ഹരജി സ്വീകരിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലൂടെ ഓടുന്ന എല്ലാ ട്രെയിനിലെ ബോഗികളിലും സി.സി.ടി.വി സ്ഥാപിക്കണമെന്ന് പൊതുതാത്പര്യ ഹരജി സ്വീകരിച്ച് ഹൈക്കോടതി. ബുധനാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എലത്തൂര്‍ തീവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരില്‍ വെച്ച് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ഡി 1 കമ്പാര്‍ട്ടുമെന്റിലാണ് അക്രമണം നടന്നത്.

മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടിയിരുന്നു പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറി.

ഉത്തര്‍പ്രദേശ് നോയ്ഡ സ്വദേശിയാണ് ഷാരൂഖ് സെയ്ഫി. പൊലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.

റെയില്‍വെ ട്രാക്കില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ്, അതിനുള്ളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.എ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഷാരൂഖ് സൈഫിയിലേക്കെത്തിയത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

content highlight: Demand to install CCTV in Kerala trains; High Court accepts PIL

We use cookies to give you the best possible experience. Learn more