ന്യൂദല്‍ഹി: ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ത്യയിലെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ തങ്ങളുടെ എക്‌സിറ്റ് പോളുകള്‍ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു. അര്‍ണബ് ഗോസ്വാമിയുടെ റിപ്ലബ്ലിക് ടിവിയും എക്‌സിറ്റ് പോള്‍ പ്രഖ്യാപിച്ചു. എന്നാല്‍ എക്‌സിറ്റ്‌പോള്‍ പ്രഖ്യാപനത്തിനൊപ്പം 17 അതിഥികളെ വിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചാനല്‍ചര്‍ച്ച.
ഇതിന് പിന്നാലെ റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ പ്രവചനത്തെ കുറിച്ചായിരുന്നില്ല മറിച്ച് ചാനല്‍ ചര്‍ച്ചയ്ക്കായി 17 അതിഥികളെ വിളിച്ച അര്‍ണബിന്റെ നടപടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ട്രോളിന് വഴിയൊരുക്കിയത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ താന്‍ അഞ്ച് പ്രവചനങ്ങള്‍ നടത്തുന്നെന്നും അര്‍ണബ് പ്രഖ്യാപിച്ചു.
പ്രവചനം ഒന്ന്- അടുത്ത ആറ് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നടിയും. പ്രവചനം രണ്ട്, മഹാരാഷ്രയിലും ഹരിയാനയിലും മാത്രമല്ല കര്‍ണാടക, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി പാര്‍ട്ടി വിടും.
മൂന്നാമത്ത പ്രവചനം- ഭിന്നിച്ച കോണ്‍ഗ്രസിനെ താഴെയിറക്കുക എളുപ്പമായതിനാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴും.
പ്രവചനം നാല്- ഡി കമ്പനിയുമായും ദാവൂദുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍.സി.പി കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം നേരിടേണ്ടിവരും.
ഏറ്റവും അവസാനത്തേത് 2024 ല്‍ രാജ്യം ഒറ്റത്തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. – എന്നായിരുന്നു അര്‍ണബിന്റെ അഞ്ച് പ്രവചനങ്ങള്‍.
എന്നാല്‍ അര്‍ണബിന്റെ പ്രവചനങ്ങളൊന്നും ചര്‍ച്ചക്കെടുക്കാതെ 17 പേരെ അതിഥികളാക്കിയ അര്‍ണബിന്റെ നടപടിയാണ് സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ടത്.
അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ 18 വ്യക്തികളുമായി നില്‍ക്കുന്ന റിപ്പബ്ലിക് ടിവി സ്‌ക്രീനിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് റിപ്ലബ്ലിക് ചാനലിനെ ഒരു നിയോജകമണ്ഡലമാക്കി പ്രഖ്യാപിക്കണമെന്ന് പറഞ്ഞായിരുന്നു ചിലരുടെ പരിഹാസം.