ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാകിസ്ഥാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സ്ഥാനാര്‍ഥിയും മുന്‍ പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകനുമായ അലി ഹൈദര്‍ ഗീലാനിയെ കണ്ടെത്തുന്നതിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം തേടാന്‍ നീക്കം.
യൂസുഫ് റസാ ഗീലാനി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.[]
അലി ഹൈദര്‍ ഗീലാനിയെ തട്ടികൊണ്ടുപോയവരെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച മുള്‍ത്താനില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) തിരഞ്ഞെടുപ്പു റാലിക്കിടെയാണ് വാഹനങ്ങളിലെത്തിയ ആയുധധാരികള്‍ അലി ഹൈദര്‍ ഗീലാനിയെ തട്ടിക്കൊണ്ടുപോയത്.
അക്രമത്തില്‍ അലി ഹൈദര്‍ ഗീലാനിയുടെ പേഴ്‌സനല്‍ സെക്രട്ടറി മുഹ്‌യുദ്ധീനും അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. മകനെ തട്ടികൊണ്ടുപോയ സാഹചര്യത്തിലും സമാധാനപരമായി വോട്ട് രേഖപ്പെടുത്താന്‍ ഗീലാനി പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
മുള്‍ത്താന്‍ ജില്ലയിലെ മിയന്‍ ചാനു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബി താലിബാന്‍ സംഘടനക്ക് അലി ഹൈദര്‍ ഗീലാനിയെ തട്ടികൊണ്ടുപോയതുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി വാര്‍ത്താ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.