ഡെല്‍റ്റ വകഭേദം ഭീഷണിയുയര്‍ത്തുന്നു; അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസിന് അനുമതി
ഡെല്‍റ്റ വകഭേദം ഭീഷണിയുയര്‍ത്തുന്നു; അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസിന് അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 9:22 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കി. 65 വയസിന് മുകളിലുള്ളര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുക.

18 വയസിന് മുകളില്‍ പ്രായമുള്ള കൊവിഡ് വൈറസ് ബാധ എല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള വ്യക്തികള്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കാം. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്.

എന്നാല്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമോയെന്ന് കൂടുതല്‍ പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനിക്കു. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ആണ് ഇതുസംബന്ധിച്ച് അനുമതി നല്‍കിയിരിക്കുന്നത്.

ഈ രോഗത്തിന്റെ തുടര്‍ച്ചയായ ഭീഷണി പരിഹരിക്കുന്നതില്‍ ബൂസ്റ്ററുകള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗള പറഞ്ഞു.

ഡെല്‍റ്റ വേരിയന്റ് മൂലം രോഗം വര്‍ധിക്കുന്നതും തണുപ്പ് കാലാവസ്ഥയെത്തുമ്പോള്‍ വാക്‌സിന്‍ ശക്തി മങ്ങുമെന്ന ഭയവും ചില വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് മൂന്നാം ഡോസിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം നേരത്തെ അമേരിക്കയിലെ മറ്റു വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ലഭിക്കുമോയെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഫൈസറിന് അനുമതി നല്‍കിയതോടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ അടക്കമുള്ളവയ്ക്കും ബൂസ്റ്റര്‍ ഡോസ് അനുവദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.