ലണ്ടന്‍: ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇംഗ്ലണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,450 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടുകൂടി രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,535,754ലെത്തി. കഴിഞ്ഞ ദിവസം ആറ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 127,860 പേരാണ് ബ്രിട്ടണില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ബ്രിട്ടണില്‍ ഇപ്പോള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് 60 ശതമാനം അധിക വ്യാപനശേഷിയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഡെല്‍റ്റയ്ക്ക് നേരത്തെ പടര്‍ന്നുപിടിച്ച ആല്‍ഫ വകഭേദത്തേക്കാള്‍ 40 ശതമാനം കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനേക്കാള്‍ തീവ്രമായ നിലയിലാണ് ഡെല്‍റ്റയുടെ രോഗവ്യാപന സാധ്യതയെന്നാണ് പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കിയത് രോഗവ്യാപനത്തെ തടയുന്നതിന് സഹായിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുതിര്‍ന്ന വ്യക്തികളിലെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടണില്‍ 40 മില്യണ്‍ ജനങ്ങള്‍ക്ക് കൊവിഡിന്റെ ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 28 മില്യണ്‍ പേര്‍ രണ്ടാം ഡോസും സ്വീകരിച്ച് പൂര്‍ണ്ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരാണ്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്ന നേരത്തെ നടത്തിയ പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജൂണ്‍ 21ന് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.