ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദത്തിന് മുന്‍പുള്ള വകഭേദങ്ങളേക്കാള്‍ 40 മടങ്ങ് അധിക വ്യാപനശേഷിയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി. ബ്രിട്ടണില്‍ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗം പുതിയ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുമെന്നാണ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് അറിയിച്ചത്.
എന്നാല്‍ കൊവിഡിനെതിരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആല്‍ഫ വകഭേദത്തെ പോലെ തന്നെ ഡെല്‍റ്റയെയും നേരിടാനാകുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ ശാസ്ത്ര വിഭാഗം ഉപദേഷ്ടാക്കളുടെ സ്ഥാപനമായ സേജ് ആണ് വ്യാപനശേഷി വര്‍ധിച്ചിരിക്കുന്ന വിവരം കണ്ടെത്തിയത്.
പുറത്തുവന്ന കണക്കുകള്‍ പ്രകാരം നിലവില്‍ ഡെല്‍റ്റ വകഭേദമാണ് ഇംഗ്ലണ്ടില്‍ പടര്‍ന്നുപിടിക്കുന്നതില്‍ ഭൂരിഭാഗവും. ഇതിന് മുന്‍പ് വന്ന ആല്‍ഫ വകഭേദത്തെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ ഇംഗ്ലണ്ട് കൊവിഡിലെ രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്.
ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടണ്‍ വീണ്ടുമൊരു ലോക്ഡൗണിലേക്ക് നീങ്ങുമോയെന്ന ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ജൂണ്‍ 21ന് രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.