| Tuesday, 8th April 2025, 6:20 am

വീട്ടിലെ പ്രസവം; ഭർത്താവ് സിറാജുദ്ദീനെതിരെ മനപൂർവമായ നരഹത്യാക്കുറ്റം ചുമത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. നേരത്തെ സംഭവത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂർവമായ നരഹത്യ തന്നെയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. അസ്മ അ‍ഞ്ചാമതും ഗര്‍ഭിണിയായത് ആരും അറിഞ്ഞില്ല. ആശാവര്‍ക്കര്‍മാരോടുപോലും കള്ളം പറഞ്ഞെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19ലേക്ക് കുറച്ചുകൊണ്ടുവന്നത് വലിയ പ്രയത്നത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ അസ്മ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി.

യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദീന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് വിമർശനം.

അക്യൂപഞ്ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ സിറാജുദ്ദീൻ അസ്മയെ നിര്‍ബന്ധിച്ചത്. രക്തംവാര്‍ന്നാണ്  അസ്മ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രസവശേഷം കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രസവം കഴിഞ്ഞുള്ള മണിക്കൂറുകളില്‍ എല്ലാം നോക്കിനിന്നതല്ലാതെ സിറാജുദ്ദിന്‍ ഒന്നും ചെയ്തില്ല.

പായയില്‍ പൊതിഞ്ഞ യുവതിയുടെ മൃതദേഹവും ചോരകു‍ഞ്ഞുമായി പെരുമ്പാവൂരിലെത്തിയ സിറാജുദ്ദീനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂട്ടത്തിലുള്ളവര്‍ കയ്യേറ്റം ചെയ്തതോടെ പരിക്കുകളുമായിട്ടാണ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നാലെ ആശുപത്രിയിലെത്തിയ മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്ത് മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

Content Highlight: delivery in house; Husband Sirajuddin charged with intentional homicide, to be produced in court today

Latest Stories

We use cookies to give you the best possible experience. Learn more