ജെറുസലേം: ഫലസ്തീനില്‍ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലുള്ള അഭയാര്‍തഥി ക്യാമ്പുകള്‍ ബോധപൂര്‍വം ലക്ഷ്യം വെക്കുന്നതായി ഗസ മുനമ്പിലെ സര്‍ക്കാര്‍ മാധ്യമ സ്ഥാപനമായ അനഡോലു ഏജന്‍സി റിപ്പോര്‍ട്ട്. മാനുഷിക ചെലവ് വര്‍ധിപ്പിക്കുക എന്ന തീരുമാനത്തോടെയാണ് ഇസ്രഈല്‍ സൈന്യം ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനിലെ ക്യാമ്പുകളില്‍ ആളുകള്‍ താമസിക്കുന്നയിടം കണ്ടുപിടിച്ച് ബോംബാക്രമണം നടത്തുകയാണെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജബാലിയയിലും ( വടക്കന്‍ ഗസ മുനമ്പ്), അല്‍-ഷാനിയിലും (പടിഞ്ഞാറ്), അല്‍-ബ്രെയ്ജമ്മിലും അല്‍-മെഗാസിലും (മധ്യത്തില്‍) ആണ് ഇസ്രഈല്‍ സൈന്യം കൂടുതല്‍ അതിക്രമങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
സിവിലിയന്മാര്‍ക്ക് അഭയം നല്‍കുന്ന യു.എന്‍ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ മാരകമായി ബോംബാക്രമണം നടത്തിയതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ സൈന്യം ഗസ സിറ്റിയെ പൂര്‍ണമായി വളഞ്ഞതായും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫലസ്തീനിലെ 20000 ആളുകള്‍ക്ക് അഭയം നല്‍കുന്ന മൂന്ന് സ്‌കൂള്‍ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അത് ജബാലിയയില്‍ 20ലധികം ആളുകളുടെ മരണത്തിനും ബീച്ച് ക്യാമ്പില്‍ ഒരു മരണത്തിനും കാരണമായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മറ്റൊരു സ്‌കൂള്‍ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നെന്നും അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്തില്‍ 9,025 പേര്‍ കൊല്ലപ്പെടുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് സൂചിപ്പിക്കുന്നു.
യു.എന്നിന്റെയും സഹായ സംഘടനകളുടെയും അടിയന്തിര വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങളെ വകവെക്കാതെയും യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം ആവശ്യപ്പെടുന്ന ‘സുസ്ഥിരമായ മാനുഷിക ഉടമ്പടി’ പരിഗണിക്കാതെയും ഇസ്രഈല്‍ ഗസയില്‍ അതിക്രമം തുടരുകയാണ്.
ഗസയിലെ ആക്രമണത്തെത്തുടര്‍ന്ന് ചിലിക്കും കൊളംബിയയ്ക്കും പിന്നാലെ ഇസ്രഈലിലെ അംബാസിഡര്‍ ജോര്‍ദാന്‍ തിരിച്ചുവിളിച്ചതായി സി.എന്‍.എന്‍ കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ജനതക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ബൊളീവിയയും ട്യുണീഷ്യയും ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഉടനെ ടെല്‍ അവീവില്‍ ഇസ്രഈല്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അല്‍ ജസീറ അറിയിച്ചു. ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ആന്റണി ബ്ലിങ്കന്റെ ഇസ്രഈല്‍ സന്ദര്‍ശനം.
Content Highlight: Deliberately Targeting Refugee Camps: Anadolu Agency Against Israel