| Tuesday, 2nd February 2021, 7:59 am

'ഹിന്ദുവിന്റെ അവകാശം സംഘപരിവാറിനും മുസ്‌ലിമിന്റെ അവകാശം ലീഗിനും ആരും പതിച്ച് കൊടുത്തിട്ടില്ല'; വിജയരാഘവനെ വര്‍ഗീയവാദിയാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന് പി.വി അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുക എന്നത് ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും ഹിഡന്‍ അജണ്ടയായി മാറിയിരിക്കുകയാണ് എന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.

കേരളത്തിന്റെ മണ്ണില്‍ ഭൂരിപക്ഷ വര്‍ഗീയത വേരുറപ്പിക്കാന്‍ തടസമായതിന്റെ പേരില്‍ സംഘപരിവാറിനാല്‍ കൊന്ന് തള്ളപ്പെട്ടവരെല്ലാം ഇടതുപക്ഷ ആശയങ്ങളെ നെഞ്ചിലേറ്റിയവരാണ്.
ഈ നാട്ടില്‍ ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുന്നവരും ജീവനെടുത്തിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരുടേതാണ് എന്ന് പി.വി അന്‍വര്‍ പറഞ്ഞു.

”ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്നിവിടെ ഇല്ല എന്ന് കരുതുക.ഇവിടെ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് സാമാന്യ യുക്തി ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസ്സിലാക്കാം. ഭൂരിപക്ഷ വര്‍ഗീയത ഇവിടെ കൊടി കുത്തി വാഴും. അതിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയതയും തലപൊക്കും.

ഇതില്‍ ഒന്നും പങ്കുചേരാത്തവര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല.മുന്‍പ് ഒറീസയിലും ഗുജറാത്തിലും സംഭവിച്ചത് ഇവിടെയും സംഭവിക്കും. ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും നിശബ്ദമായി അവര്‍ക്കൊപ്പം ചേരും.

ഗുജറാത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ അവസാന നിമിഷങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്,” പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

”ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുണ്ട്.ഹിന്ദു സമൂഹത്തിന്റെ അവകാശം സംഘപരിവാറിനും മുസ്‌ലിം സമൂഹത്തിന്റെ അവകാശം ലീഗിനും ആരും പതിച്ച് കൊടുത്തിട്ടില്ല. ഈ മണ്ണില്‍ ഇന്നും മതേതര വാദമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ആയിരങ്ങളുണ്ട്.അക്കൂട്ടത്തില്‍,സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിനോളം മതേതര മനസ്സ് അവകാശപ്പെടാന്‍ ഇന്ന് നിലവില്‍ ഇവിടെ ഒരു സംഘടനകള്‍ക്കും അവകാശമില്ല.ആരൊക്കെ എത്രയൊക്കെ വൈറ്റ് വാഷ് അടിക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ പൊതുസമൂഹത്തിനു ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്,” അന്‍വര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deliberate attempts are put to make A Vijaraghavan Communal; Say P.V Anwar

We use cookies to give you the best possible experience. Learn more