| Monday, 31st August 2015, 10:39 pm

ഔറംഗസേബ് അനഭിമതനാകാം, എന്നാല്‍ ഔറംഗസേബ് റോഡിന്റെ പേര് മാറ്റുന്നത് തികഞ്ഞ വര്‍ഗീയതയാണ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

1992ല്‍ ഞാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പ്രസിഡന്റായിരിക്കെ അക്ബറിന്റെ 450 ാം ജന്മവാര്‍ഷികം ആഘോഷിക്കുകയായിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ഈ ആഘോഷങ്ങളെ എതിര്‍ത്തു. അക്ബര്‍ പാക്കിസ്ഥാാനിയാണെന്നും അദ്ദേഹം അഘോഷിക്കപ്പെടരുതെന്നുമാണ് എല്‍.കെ അദ്വാനി അന്ന് പറഞ്ഞത്. എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തെ പാഠപുസ്തകങ്ങള്‍ അക്ബറിനെ വാഴ്ത്തിയില്ല, മുഗള്‍ വാസ്തുവിദ്യയെ വാഴ്ത്തിയില്ല.



ഫേസ് ടു ഫേസ് : ഇര്‍ഫാന്‍ ഹബീബ്


ന്യൂദല്‍ഹിയിലെ ഔറംഗസേബ് റോഡിന്എ.പി.ജെ അബ്ദുള്‍കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ആഗസ്റ്റ് കോര്‍പ്പറേഷന്‍ അംഗവും കൂടിയായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ട്വിറ്റര്‍ വഴി ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്.

ഔറംഗസേബ് റോഡിനെ പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് ഇന്ത്യയുടെ മധ്യകാല ചരിത്രത്തെകുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്ന പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ അഭിപ്രായമെന്തെന്ന് നോക്കാം.

ദല്‍ഹിയിലെ ഔറംഗസേബ് റോഡ് പുനര്‍മനാമകരണം ചെയ്യാനുള്ള തീരുമാനത്തോട് താങ്കളെങ്ങനെ പ്രതികരിക്കുന്നു?

ഈ തീരുമാനം തീര്‍ത്തും മൂഢവും, നിര്‍ഭാഗ്യകരവും പ്രകടമായ വര്‍ഗ്ഗീയതുയുമാണ്. ഔറംഗസേബ് വലിയ ആകര്‍ഷണീയനായ ഒരു ഭരണാധികാരിയല്ലായിരുന്നു എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഔറംഗസേബ് റോഡിന് ചരിത്രപരമായ ഒരു വിലാസമുണ്ട്. എന്തിനാണ് ഇത് മാറ്റുന്നത്?

ഔറംഗസേബിന്റെ ദുഷ്‌പേര് തന്നെയാണ് ഈസ്റ്റ് ദല്‍ഹി എം.പി മഹേഷ് ഗിരി ഈ പുനര്‍നാമകരണത്തിനുള്ള കാരണമായി എടുത്ത് പറയുന്നതും.

ആവഴിയാണ് വിലയിരുത്തുന്നതെങ്കില്‍, ഇന്ത്യയിലെ പുരാതന മധ്യകാല ഭരണാധികാരികളിലൊക്കെയും പ്രശ്‌നങ്ങള്‍ കണ്ടെത്താനാവും. ഉദാഹരണത്തിന് എത്ര ഭരണാധികാരികള്‍ ജാതിവ്യവസ്ഥയെ എതിര്‍ത്തിട്ടുണ്ടാകും? എന്നാല്‍ ആരെങ്കിലും പൊതുഇടങ്ങളില്‍ നിന്നും തങ്ങളുടെ പേരുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? ഇത്തരത്തില്‍ നിരവധിപേര്‍ ആരാധിക്കുന്ന വ്യക്തിത്വമായ റാണാ പ്രതാപിനോട് യുദ്ധം ചെയ്തവരാണ് ഭഗ്‌വാന്‍ദാസ്, മന്‍സിങ് എന്നിവര്‍. ഇവരുടെ പേരുകളും ദല്‍ഹിയിലെ റോഡുകള്‍ക്കുണ്ട്. ഈ പേരുകളും മായ്ക്കപ്പെടുമോ?

ഈ നീക്കത്തെ താങ്കള്‍ എന്തുകൊണ്ടാണ് വര്‍ഗ്ഗീയം എന്ന് വിശേഷിപ്പിച്ചത്. ?

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയിലെ ചില റോഡുകളിലെ ചിഹ്നങ്ങളും ഇല്ലാതാക്കപ്പെട്ടിരുന്നു. അതുകൊണ്ട് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും ഈ പുനര്‍നാമകരണ പ്രക്രിയ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റെയും പഴയൊരു പദ്ധതിയാണ്.

ഇത്തരത്തിലുള്ള പഴയ സംഭവങ്ങളെന്തെങ്കിലും ഓര്‍ക്കുന്നുണ്ടോ?

1992ല്‍ ഞാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പ്രസിഡന്റായിരിക്കെ അക്ബറിന്റെ 450 ാം ജന്മവാര്‍ഷികം ആഘോഷിക്കുകയായിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ഈ ആഘോഷങ്ങളെ എതിര്‍ത്തു. അക്ബര്‍ പാക്കിസ്ഥാാനിയാണെന്നും അദ്ദേഹം അഘോഷിക്കപ്പെടരുതെന്നുമാണ് എല്‍.കെ അദ്വാനി അന്ന് പറഞ്ഞത്. എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തെ പാഠപുസ്തകങ്ങള്‍ അക്ബറിനെ വാഴ്ത്തിയില്ല, മുഗള്‍ വാസ്തുവിദ്യയെ വാഴ്ത്തിയില്ല.

സ്ഥലങ്ങളെ പുനര്‍നാമകരണം ചെയ്യാനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?

വളരെ മുമ്പ്, അലഹബാദ് എന്ന പേരുമാറ്റണമെന്ന് രാജ്‌നാഥ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു. 1990 കളില്‍ എന്‍.ഡി.എയുടെ കാലത്താണെന്ന് തോന്നുന്നു, ബി.ജെ.പിയും ആര്‍.എസ്.എസും ലഖ്‌നൗവിനെ ലക്ഷ്മണപുരി എന്നാക്കിമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടത് ലഖ്‌നൗവില്‍ നിന്നാണെന്ന് കാണിച്ച് അടല്‍ബിഹാരി വാജ്‌പേയി ഇത് നിരസിച്ചു.

ഈ ശ്രമങ്ങളുടെയൊക്കെ പിന്നിലെ ലക്ഷ്യമെന്താണ്?

അവരുടെ ലക്ഷ്യങ്ങളെ കുറിച്ച് എനിക്കറിയില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ക്ക് നേട്ടമുണ്ടാകുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ ഔറംഗസേബ് റോഡില്‍ ഇത് അവസാനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അക്ബര്‍. ഷാജഹാന്‍, എന്നിവരും ഈ പട്ടികയിലുണ്ടാകും.

കടപ്പാട്: ക്യാച്ച് ന്യൂസ്

We use cookies to give you the best possible experience. Learn more