|

ചിന്നസ്വാമിയില്‍ ദല്‍ഹി കൊടുങ്കാറ്റ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ന്നടിഞ്ഞ് ഉത്തര്‍പ്രദേശ്

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി ദല്‍ഹി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 19 റണ്‍സിനാണ് ദല്‍ഹി വിജയം സ്വന്തമാക്കിയത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു ഉത്തര്‍പ്രദേശ്. തുടര്‍ന്ന് ദല്‍ഹിയെ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിന് തളക്കാനാണ് ടീമിന് സാധിച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തര്‍പ്രദേശിനെ 174 റണ്‍സിന് ദല്‍ഹി ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് വേണ്ടി ടോപ്പോര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാലാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അനൂജ് റാവത്തിന്റെ മിന്നും പ്രകടനമാണ് ടീമിനെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്.

33 പന്തില്‍ 5 സിക്‌സും 7 ഫോറും ഉള്‍പ്പെടെ 73 റണ്‍സ് നേടിയാണ് താരം പുറത്താക്കാതെ നിന്നത്. 221.21 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു റാവത്ത് ബാറ്റ് വീശിയത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 44 റണ്‍സും യാഷ് ദള്‍ 42 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ ആയുഷ് ബദോണി 25 റണ്‍സും നേടിയിരുന്നു.

ഉത്തര്‍പ്രദേശിനുവേണ്ടി നിതീഷ് റാണ, മൊഹ്‌സിന്‍ ഖാന്‍, വിനീത് പന്‍വാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഉത്തര്‍പ്രദേശിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മൂന്നാമനായി ഇറങ്ങിയ പ്രിയം ഗര്‍ഗ് ആണ്. 34 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 54 റണ്‍സ് നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവച്ചത്. താരത്തിന് പുറമേ മധ്യനിര ബാറ്റര്‍ സമീര്‍ റിസ്‌വി 26 റണ്‍സും ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ 20 റണ്‍സും നേടി. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്തി ടീമിനെ സഹായിക്കാന്‍ സാധിച്ചില്ല.

ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ദല്‍ഹി, മുംബൈ, ബറോഡ, മധ്യപ്രദേശ് എന്നിവരാണ് അടുത്തഘട്ടത്തിലേക്ക് വിജയിച്ചത്.

Content Highlight: Delhi Won Against U.P In Syed Mushtaq Ali Trophy Quarter Final

Latest Stories