| Sunday, 28th May 2023, 7:44 pm

ഗുസ്തി താരങ്ങളെ വിട്ടയക്കണം, ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം: ദല്‍ഹി വനിതാ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജന്ദര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തതില്‍ ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ. അറസ്റ്റ് ചെയ്ത ഗുസ്തി താരങ്ങളെയും കുടുംബാംഗങ്ങളെയും വിട്ടയക്കണമെന്നും ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ദല്‍ഹി പൊലീസ് കമ്മീഷണര്‍ ഓഫീസര്‍ സഞ്ജയ് അറോറക്ക് കത്തയച്ചിരിക്കുകയാണ് മഹിവാള്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സ്വാതി അറോറക്ക് കത്ത് അയച്ച കാര്യം അറിയിച്ചത്. ഗുസ്തി താരങ്ങളെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്ത നടപടി ദല്‍ഹി പൊലീസിന്റെ പക്ഷപാതപരമായ നിലപാടാണ് കാണിക്കുന്നതെന്നും സ്വാതി പറഞ്ഞു.

‘ജന്ദര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ച വനിതാ ഗുസ്തിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ദല്‍ഹി പൊലീസ് മര്‍ദിക്കുകയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തതിലുള്ള ഖേദം പ്രകടിപ്പിക്കുന്നു. ഒരു മാസം മുമ്പ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരിക്കെ പാര്‍ലമെന്റ് അംഗം കൂടിയായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. അതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന്, 40-ഓളം ക്രിമിനല്‍ കേസുകളുള്ള ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതില്‍ ദല്‍ഹി പൊലീസ് പരാജയപ്പെട്ടു. ഇതോടെ ജന്ദര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ വനിതാ ഗുസ്തി താരങ്ങള്‍ നിര്‍ബന്ധിതരായി.

ദല്‍ഹിയില്‍ ഓരോ ദിവസവും 6 ലൈംഗികാതിക്രമക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഓരോ കേസിലും പ്രതിയെ പിടികൂടാന്‍ ദല്‍ഹി പോലീസ് ശ്രമിക്കുന്നുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്? ദല്‍ഹി പൊലീസിന്റെ ഈ പക്ഷപാതപരമായ മനോഭാവം നീതിയെ പരിഹസിക്കുന്നതാണ്,’ സ്വാതി പറഞ്ഞു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ നീതി നിഷേധിക്കുന്നതിലൂടെ പൊലീസ് ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും നിരാശപ്പെടുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് വനിതാ ഗുസ്തിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ദല്‍ഹി പൊലീസ് ബലമായി പിടിച്ച് കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്.

വനിതാ ചാമ്പ്യന്മാരെ ദല്‍ഹി പോലീസ് തെരുവില്‍ വലിച്ചിഴച്ച രീതി അനുയോജ്യമല്ല.
വനിതാ താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീതാ ഫോഗട്ട് തുടങ്ങിയവര്‍ ഈ രാജ്യത്തിന്റെ വീരന്മാരും ചാമ്പ്യന്മാരുമാണെന്ന് നിങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസും ഒളിമ്പിക്‌സും ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്ന് അവര്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് അവര്‍ക്ക് നീതി നിഷേധിക്കുകയും ബലമായി തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നതിലൂടെ ദല്‍ഹി പൊലീസ് ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും നിരാശപ്പെടുത്തുന്നു,’ സ്വാതി പറഞ്ഞു.

ഇന്ന് പാര്‍ലമെന്റ് ഉദ്ഘാടനത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെയും സമരത്തിന് പിന്തുണയായെത്തിയവരെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെരുവിലൂടെ വലിച്ചിഴച്ചാണ് പലരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഗുസ്തി താരങ്ങളുടെ സമരവേദി പൊളിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.

CONTENT HIGHLIGHT: DELHI WOMEN COMMISION AGAINST DELHI POLICE

We use cookies to give you the best possible experience. Learn more