ന്യൂദല്‍ഹി: പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ കൊവിഡ് വാക്‌സിന് പകരം മദ്യം കഴിച്ചാല്‍ മതിയെന്ന അവകാശവാദവുമായി യുവതി. ദല്‍ഹി ശിവപുരിയിലെ ഗീത കോളനിയ്ക്കടുത്താണ് സംഭവം.
വാക്‌സിന്‍ കൊണ്ടൊന്നും കാര്യമില്ലെന്നും കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യം കഴിച്ചാല്‍ മതിയെന്നുമായിരുന്നു യുവതിയുടെ വാദം. എ.എന്‍.ഐയോടായിരുന്നു യുവതിയുടെ പ്രതികരണം.
ദല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യം വാങ്ങാനായി പ്രദേശത്തെ മദ്യഷോപ്പുകളില്‍ ജനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതിനിടയിലാണ് ക്യൂവില്‍ നില്‍ക്കുന്ന യുവതിയുടെ പ്രതികരണത്തിനായി ചില മാധ്യമങ്ങളെത്തിയത്. അപ്പോഴായിരുന്നു വാക്‌സിന്‍ എടുക്കുന്നത് കൊവിഡ് രോഗമില്ലാതാക്കില്ലെന്ന് യുവതി പ്രഖ്യാപിച്ചത്.
‘ഇന്‍ജെക്ഷന്‍ കൊണ്ടൊന്നും കാര്യമില്ല. എന്നാല്‍ മദ്യം നന്നായി ഗുണം ചെയ്യും. മരുന്നുകളൊന്നും കാര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ മദ്യം വൈറസുകളില്‍ നിന്ന് നമ്മളെ സംരക്ഷിക്കും’, എന്നായിരുന്നു യുവതിയുടെ വാദം.
കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് ദല്‍ഹി. ദല്‍ഹിയില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ 23,500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ച 2,59,170 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 1761 മരണങ്ങളും കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 20,31,977 ആണ്. 1,80,530 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിനുകളില്‍ രാജ്യം ദൗര്‍ലഭ്യം നേരിടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നേരത്തെ ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45 കഴിഞ്ഞവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Delhi Woman Says Alcohol Is Better Than Covid Vaccine