ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടി ബി.ജെ.പിക്കെതിരെ ശക്തമായ പ്രചരണങ്ങള്‍ നടത്തിയിട്ടും ദല്‍ഹിയില്‍ വേണ്ടത്ര ചലനം ഉണ്ടാക്കാനാകാതെ ആം ആദ്മി പാര്‍ട്ടി. ആകെ ഏഴ് മണ്ഡലങ്ങളുള്ള ദല്‍ഹിയില്‍ ഏഴിലും ബി.ജെ.പി തന്നെയാണ് ലീഡ് ചെയ്യുന്നത്.
ഒരിടത്ത് പോലും എ.എ.പിയോ കോണ്‍ഗ്രസോ മുന്നിട്ട് നില്‍ക്കുന്നില്ല. ഏവരും ഉറ്റുനോക്കുന്ന നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറും പിന്നിലാണ്.
മണ്ഡലത്തില്‍ ബി.ജെ.പിയുടെ മനോജ് തിവാരി ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ദല്‍ഹിയില്‍ ബി.ജെ.പിക്ക് 54 ശത്മാനവും എ.എ.പിക്ക് 26 ശതമാനവും, കോണ്‍ഗ്രസിന് 17 ശതമാനവും വോട്ടാണ് ലഭിച്ചിരിക്കുന്നത്.
ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സുപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലറങ്ങിയത് മുതല്‍ ദല്‍ഹിയില്‍ ബി.ജെ.പിക്കെതിരെ കടുത്ത പ്രചരണമായിരുന്നു എ.എ.പിയും ഒപ്പം ഇന്ത്യാ മുന്നണിയും നടത്തിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു ജാമ്യത്തിലിറങ്ങി 20 ദിവസത്തോളം കെജ്‌രിവാള്‍ പ്രചരണം നടത്തിയത്. ഏകാധിപതിയില്‍ നിന്ന് ഇന്ത്യയെ രംക്ഷിക്കുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ എ.എ.പിക്കും കെജ്‌രിവാളിനും പക്ഷെ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിച്ചില്ല.
മെയ് രണ്ടിന് ഇടക്കാല ജാമ്യം അവസാനിച്ച ദിവസം പ്രവര്‍ത്തകരില്‍ വലിയ ആവേശം പകര്‍ന്നായിരുന്നു കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങിയത്. അട്ടിമറിയൊന്നും ഉണ്ടാകാതിരിക്കാൻ ഓരോ ബൂത്തിലും കനത്ത ജാഗ്രത പുലർത്തണമെന്നും കെജ്‌രിവാൾ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlight: Delhi without Kejriwal wave; BJP is leading in all seven constituencies