| Friday, 14th February 2020, 9:13 pm

ദല്‍ഹിയിലെ വിജയത്തിന് പിന്നാലെ രാജ്യവ്യാപകമാകാന്‍ ആംആദ്മി; പുതിയ നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അധികാര തുടര്‍ച്ച നിലനിര്‍ത്തിയതിന് പിന്നാലെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടി. രാജ്യതലസ്ഥാനത്തിന് പുറത്ത് ആംആദ്മിക്ക് ഇതുവരെ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ദല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലെ ശ്രമങ്ങളെല്ലാം പരാജയത്തിലായിലുന്നു കലാശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ദല്‍ഹിയെ ഒരു മോഡലായി കണ്ട് സംസ്ഥാനത്തിന് പുറത്തേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആംആദ്മി ഒരുങ്ങുന്നത്.

രാജ്യത്ത് പലയിടങ്ങളിലും ഇനി വരാന്‍ പോകുന്ന തദ്ദേശിയ തെരഞ്ഞെടുപ്പുകളിലടക്കം മത്സരിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍സിപാലിറ്റി തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് മാധ്യമങ്ങളോട് പറഞ്ഞു. മുനിസിപ്പാലിറ്റി തലത്തില്‍ കേഡര്‍ സംവിധാനം വര്‍ധിപ്പിക്കുന്നതിന് അടിത്തട്ടിലുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് പ്രത്യയശാസ്ത്രത്തിലൂന്നി പോരാട്ടം നയിക്കുമെന്നും ബി.ജെ.പിയുടെ തീവ്ര ദേശീയതയോട് ആംആദ്മി പകരം വെക്കുക എല്ലാ പൗരന്മാരെയും ഒരേപോലെ പരിഗണിക്കുന്ന രാജ്യസ്‌നേഹത്തിന്റെ പോസിറ്റീവ് വശങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഫെബ്രുവരി 11 മുതല്‍ മിസ്ഡ് കോള്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാമ്പയില്‍ ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ത്തന്നെ 11 ലക്ഷം പുതിയ പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യസഭാ എം.പി സഞ്ജയ് സിങാണ് കാമ്പയിനിന് ചുക്കാന്‍ പിടിച്ചത്.

We use cookies to give you the best possible experience. Learn more