ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ദല്‍ഹിയില്‍ ബി.ജെ.പി നേടിയ വിജയം ബീഹാര്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന അവകാശവാദങ്ങള്‍ ഉയരുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രതികരണം.
ബീഹാര്‍ എന്നും ബീഹാറാണെന്നും അവിടുത്തെ സ്ഥിതിഗതികള്‍ നിങ്ങള്‍ക്ക് ആ സമയങ്ങളില്‍ മനസിലാവുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ദല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളല്ല ബീഹാറിലേതെന്നും ബീഹാറിലെ ജനങ്ങള്‍ മാറ്റത്തിന് കാത്തിരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
ദല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പി അധികാരത്തില്‍ വരുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാഗ്ദാനങ്ങളില്‍ മാത്രം ഇക്കാര്യങ്ങള്‍ ഒതുങ്ങി പോവില്ലെന്ന് കരുതുന്നതായും തേജസ്വി പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്‍മാരെന്നും ആര് ഭരിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.
ജനവിധി എപ്പോഴും ബഹുമാനിക്കപ്പെണ്ടേതുണ്ടെന്നും അതേസമയം ജനവിധിക്ക് വേണ്ടി ഉയര്‍ത്തിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി ഓരു കാഴ്ച മാത്രമാണെന്നും ബീഹാര്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നുമായിരുന്നു എന്‍.ഡി.എ നേതാക്കള്‍ ഉന്നയിച്ചിരുന്നത്. കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചി ഉള്‍പ്പെടെയുള്ളവരാണ് പരാമര്‍ശം നടത്തിയത്.
നിലവില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സഖ്യമാണ് ബീഹാര്‍ ഭരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എന്‍.ഡി.എ സഖ്യം ഒരുങ്ങി കഴിഞ്ഞതായും സംയുക്ത യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 48 മണ്ഡലത്തിലും ബി.ജെ.പിയാണ് ജയിച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് മൂന്നാം തവണയും ദല്‍ഹിയില്‍ സീറ്റുകള്‍ ഒന്നും തന്നെ നേടാനായില്ല.
Content Highlight: Delhi will not repeat itself in Bihar; People of Bihar are waiting for change: Tejashwi Yadav