ന്യൂദല്‍ഹി: ജലക്ഷാമം രൂക്ഷമായതില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ ജല ബോര്‍ഡ് ദല്‍ഹിയിലെ ജല ബോര്‍ഡ് ഓഫീസ് അടിച്ച് തകര്‍ത്ത് ബി.ജെ.പി പ്രവർത്തകർ. ഛത്തര്‍പൂരിലെ ദല്‍ഹി ജല ബോര്‍ഡിന്റെ ഓഫീസാണ് ഒരു സംഘം അടിച്ച് തകര്‍ത്തത്.
എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാവി ഷാള്‍ ധരിച്ച് നില്‍ക്കുന്ന ഒരാളുടെ ദൃശ്യങ്ങളും എ.എ.പി പുറത്തുവിട്ടു. ബി.ജെ.പി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമികള്‍ ഓഫീസ് തകര്‍ത്തതെന്ന് എ.എ.പി ആരോപിച്ചു.
ഒരു വശത്ത് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ദല്‍ഹിയുടെ ജലവിഹിതം തടഞ്ഞ് വെക്കുമ്പോള്‍ മറുവശത്ത് ബി.ജെ.പി ദല്‍ഹിയിലെ ജനങ്ങളുടെ സ്വത്ത് നശിപ്പിക്കുകയാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ എ.എ.പി പറഞ്ഞു.
ദ്വാരക ജില്ലയിലും വെള്ളത്തിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടായി. ടാപ്പില്‍ നിന്ന് വെള്ളം ലഭിക്കുന്നതിനുള്ള തര്‍ക്കത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ വര്‍ഗീയ കോണുകളില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ജലക്ഷാമവും സംഘര്‍ഷങ്ങളും വ്യാപിച്ചതോടെ ദല്‍ഹി ജലമന്ത്രി അതിഷി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചു. പ്രധാന പൈപ്പ്‌ലൈനുകളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കണമെന്ന് കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
Content Highlight: Delhi water crisis: DJB office vandalised