| Saturday, 11th April 2020, 3:49 pm

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ ശ്മശാനം വിട്ടുനല്‍കുമെന്ന് ദല്‍ഹി വഖഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ തങ്ങളുടെ ശ്മശാനങ്ങളില്‍ ഒന്ന് വിട്ട് നല്‍കുമെന്ന് ദല്‍ഹി വഖഫ് ബോര്‍ഡ്. പലയിടങ്ങളിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ശ്മശാനം വിട്ട് നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയത്.

” ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഒരോ ദിവസം കൂടുംതോറും ബുദ്ധിമുട്ട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൃത്യമായ ധാരണ ഇല്ലാത്തിനാല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ ദല്‍ഹിയിലെ പല സ്ഥലങ്ങളിലും ആളുകള്‍ വിസമ്മതിക്കുന്നതായി കേട്ടൂ. അത് വളരെ ദു:ഖകരമാണ്. ദല്‍ഹി വഖഫ് ബോര്‍ഡ് പറഞ്ഞു.

” കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി വഖഫ് ബോര്‍ഡിന്റെ ശ്മശാനങ്ങളില്‍ ഒന്ന് വിട്ട് നല്‍കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. റിങ് റോഡിലെ മില്ല്യേനിയം പാര്‍ക്കിന്റെ അടുത്താണ് ശ്മശാനം. ഈ ശ്മശാനം കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്”
ദല്‍ഹി ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ ദല്‍ഹി വഖഫ് ബോര്‍ഡ് സി.ഇ.ഒ എസ്.എം. അലി പറഞ്ഞു.

പല സ്ഥലങ്ങളിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ ആളുകള്‍ വിസമ്മതിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച പഞ്ചാബിലെ ജലന്ധറില്‍ കൊവിഡ് -19 നെത്തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ശവസംസ്‌ക്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് 60 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
രോഗം പടരുമെന്നാരോപിച്ചാണ് ഇവര്‍ മൃതദേഹം സംസ്‌ക്കരിക്കുന്നത് തടയാന്‍ ശ്രമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more