| Thursday, 27th February 2020, 11:46 am

സഹോദരന്‍ കണ്‍മുന്നില്‍ വെടിയേറ്റുപിടയുന്നത് നോക്കിനില്‍ക്കേണ്ടി വന്നു, വീടും കടയും വാഹനവും അവര്‍ കത്തിച്ചു, ജീവന്‍ തിരിച്ചുകിട്ടിയത് ഹിന്ദുകുടുംബത്തിന്റെ സഹായത്താല്‍: മുഹമ്മദ് സലീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ തന്നെയും കുടുംബത്തെയും രക്ഷിച്ച ഹിന്ദു കുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തി മുഹമ്മദ് സലീം. അക്രമം നടന്ന സമയത്ത് പ്രദേശത്തെ ഹിന്ദു കുടുംബക്കാര്‍ താമസിച്ചിരുന്ന ഒരു വീടിന്റെ ടെറസ്സില്‍ ഒളിച്ചിരിക്കുകയായിരുന്നു മുഹമ്മദും കുടുംബവും.

ദല്‍ഹി ശിവ വിഹാര്‍ സ്വദേശിയായ മുഹമ്മദ് സലീമിന്റെ സഹോദരനെ ഹിന്ദു അക്രമിസംഘം കൊലപ്പെടുത്തിയിരുന്നു. മുഹമ്മദിന്റെ കാറും വീടും കത്തിച്ച അക്രമിസംഘം വീട്ടിലുണ്ടായിരുന്ന പണവും മറ്റു വസ്തുക്കളും മോഷ്ടിക്കുകയും ചെയ്തു. അക്രമത്തെക്കുറിച്ച് മുഹമ്മദ് പറയുന്നു.

‘എന്റെ പേര് മുഹമ്മദ് സലീം എന്നാണ്. ഞാന്‍ 35 വര്‍ഷമായി ശിവ വിഹാര്‍ എന്ന സ്ഥലത്ത് താമസിക്കുകയാണ്. ആദ്യം കുറച്ചാളുകള്‍ വന്നു എന്റെ കാര്‍ കത്തിച്ചു. പ്രദേശവാസികള്‍ ആണ് കാര്‍ സലീം ഭായിയുടേതാണെന്ന് പറഞ്ഞു കൊടുത്തത്. അതിന് ശേഷം അവിടെ ഉണ്ടായിരുന്ന ഒരു ഫാക്ടറി അവര്‍ കത്തിച്ചു. എന്റെ സഹോദരന്‍ തൊട്ടപ്പുറത്തുള്ള ഷെഡിലായിരുന്നു താമസിച്ചത്. അവര്‍ ആ ഷെഡിന് തീവെച്ച ശേഷം സഹോദരനെ പിടിച്ചു പുറത്തിറക്കി നിര്‍ത്തി. രണ്ട് തവണ വെടി വെച്ചു. വെടികൊണ്ട ശേഷവും അവന്‍ വേച്ചു വേച്ചു എഴുന്നേറ്റു. അപ്പോളവനെ ലാത്തികൊണ്ടടിച്ചു വീഴ്ത്തി.

പിന്നെ അവന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അവരെല്ലാവരും കൂടെ അവിടെ കത്തികൊണ്ടിരുന്ന തീയിലേക്ക് അവനെ വലിച്ചെറിഞ്ഞു. ഞാന്‍ അപ്പോള്‍ മുകളിലെ തട്ടിലുള്ള ഹിന്ദു വീട്ടില്‍ അഭയം തേടിയതായിരുന്നു. ടെറസില്‍ ഇരുന്നു ഞാന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഞാന്‍ താഴെ ഇറങ്ങി അവിടേക്ക് പോയിരുന്നെങ്കില്‍ അവര്‍ എന്നെയും കൊല്ലുമായിരുന്നു. എന്റെ കൂടെ എന്റെ ഭാര്യയും 4 ചെറിയ കുട്ടികളും മോളും ഉണ്ടായിരുന്നു. എനിക്ക് അഭയം തന്ന ഹിന്ദുസഹോദരങ്ങള്‍ മൊബൈല്‍ ഓഫ് ചെയ്ത് പുറത്ത് പോകാതെ അവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു. ജീവന്‍ അപകടത്തിലാവുമെന്ന് പറഞ്ഞു. താഴെ നടക്കുന്നത് ഞാന്‍ ഒളിഞ്ഞുകാണുന്നുണ്ടായിരുന്നു. അവര്‍ എന്റെ വീട്ടില്‍ കയറി ഫ്രിഡ്ജ് എടുത്തു പുറത്തിട്ടു. എന്റെ ഓട്ടോറിക്ഷ കത്തിച്ചു. വീട്ടില്‍ പെട്രോള്‍ ഒഴിച്ച് മുഴുവനായി കത്തിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാത്രി 9:30 വരെ ആ ഹിന്ദു വീട്ടില്‍ ഞാന്‍ കഴിഞ്ഞു. അവര്‍ എനിക്കും എന്റെ കുട്ടികള്‍ക്കും ഭക്ഷണം നല്‍കി. സലീം ഭായ് നിങ്ങള്‍ ഇവിടുന്ന് പോവുന്നത് കണ്ടാല്‍ മുസ് ലിങ്ങള്‍ക്ക് അഭയം നല്‍കിയെന്ന് പറഞ്ഞ് ദേശദ്രോഹികള്‍ എന്ന് പറഞ്ഞു അവര്‍ ഞങ്ങളെയും ആക്രമിക്കും. നിങ്ങള്‍ക്ക് ഇവിടെ നിന്നും പോകണം എന്നുണ്ടെങ്കില്‍ ഒരു വഴി ഉണ്ട്. അവര്‍ എന്റെയും കുട്ടികളുടെയും നെറ്റിയില്‍ കാവി തിലകം വരച്ചു തന്നു. വീട്ടിലുള്ള കാവി ഷാള്‍ കൊണ്ട് ഞങ്ങളെ പുതപ്പിച്ചു.

രണ്ട് കെട്ടിടങ്ങള്‍ക്കപ്പുറത്തായിരുന്നു ഞങ്ങളുടെ വീട്. ഈ വീട്ടില്‍ നിന്നും ഇറങ്ങി അവിടെ വരെ എത്താന്‍ ഞാന്‍ എന്റെ മക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. റോഡിനിരുവശവും ആളുകളുണ്ടായിരുന്നു.

എന്റെ രണ്ട് ആണ്‍മക്കളാണ് ആദ്യം ഞങ്ങളുടെ വീട്ടിലേക്ക് നടന്നത്. വീടിന്റെ അടുത്തുള്ള വഴിയിലൂടെ പുറത്തുകടക്കാനായിരുന്നു ഉദ്ദേശം. ഷംസീര്‍ ഭായിയെയും ഡാനിഷ് ഭായിയെയും ഞാന്‍ വിളിച്ചുപറഞ്ഞിരുന്നു. അവര്‍ ഈ വീട്ടിലേക്ക് വരാന്‍ പറഞ്ഞു.

ഏകദേശം നാല് കിലോമീറ്ററോളം നടന്നാണ് ഞങ്ങള്‍ ഇവിടെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയത്. ഞങ്ങള്‍ പലവഴിയിലൂടെ അവിടെയെത്താനായിരുന്നു പ്ലാന്‍ ചെയ്തത്. ഇടക്കുവെച്ച് പലതവണ എനിക്ക് വഴി തെറ്റി. തലക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു. അവസാനം ആരോക്കയോ വഴി പറഞ്ഞുതന്നു. ഒടുവില്‍ ദൈവത്തിന്റെ കരുണകൊണ്ട് ഞാനിവിടെയെത്തി.

പക്ഷെ എന്റെ മക്കളും ഭാര്യയും എവിടെ വെച്ചോ പിരിഞ്ഞുപോയിരുന്നു. അവര്‍ എന്റെ ഒപ്പമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്നവരോട് ഞാന്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. രണ്ട് ഹിന്ദു സഹോദരങ്ങള്‍ എന്നോടൊപ്പം മക്കളെ അന്വേഷിക്കാനായി കൂടെ വരാന്‍ സമ്മതിച്ചു.

എന്റെ തിലകക്കുറിയും കാവി ഷാളും കണ്ടപ്പോള്‍ അവര്‍ ഞാന്‍ ഹിന്ദുവാണോയെന്ന് ചോദിച്ചു. ഞാന്‍ ഹിന്ദുവല്ല, ഹിന്ദുക്കളുടെ ഇടയില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദുവായി വന്നതാണ് എന്ന മറുപടി നല്‍കി. ഈ തിലക്കുറിയില്ലായിരുന്നെങ്കില്‍ എനിക്കെന്റെ ജീവന്‍ രക്ഷിക്കാനാകില്ലായിരുന്നു.

പിന്നെ ഞങ്ങള്‍ മക്കളെ അന്വേഷിച്ച് പുറപ്പെട്ടു. ഒരു മകനെ ഫോണില്‍ വിളിച്ചുകിട്ടി. അപ്പോഴേക്കും ഡാനിഷ് ഭായിയുടെ ഫോണ്‍ വന്നു. എന്റെ മക്കളെല്ലാം അവന്റെ വീട്ടിലെത്തിയെന്ന് അറിയിച്ചു. അപ്പോഴാണ് എനിക്കൊന്ന് ആശ്വാസമായത്.

എന്റെ സഹോദരന്റെ മൃതദേഹം അവിടെ അക്രമസ്ഥലത്ത് കിടക്കുകയായിരുന്നു. അതിനാല്‍ ഞാന്‍ പൊലീസിനെ വിളിച്ചുകൊണ്ടേയിരുന്നു. അവര്‍ എന്റെ പരാതി എഴുതിയെങ്കിലും നടപടിയൊന്നും എടുത്തില്ല. ഇവിടെയെത്തി എന്നെ കൂടിക്കൂട്ടി കൊണ്ടുപോകണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷെ കള്‍വാറിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നായിരുന്നു പൊലീസ് പറഞ്ഞത്. അവിടെ നിന്നും എത്രയോ കഷ്ടപ്പെട്ടാണ് ജിവന്‍ രക്ഷിച്ച് ഇവിടെയെത്തിയതെന്നും ഇനിയങ്ങോട്ട് എങ്ങിനെ ഞാന്‍ തനിയെ തിരിച്ചുപോകുമെന്നും ചോദിച്ചു. പക്ഷെ വേണമെങ്കില്‍ നീ ഇങ്ങോട്ട് വാ, അല്ലാതെ ഞങ്ങള്‍ക്ക് സമയമില്ല ഇതൊന്നും നോക്കാന്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്.

പല പൊലീസുകാരും ഇതേ മറുപടിയും ഭീഷണിയുമായിരുന്നു നല്‍കിയത്. എന്റെ സഹോദരനോ മരിച്ചു. അത്രയും ഹിന്ദുക്കള്‍ക്കിടയിലേക്ക് ഞാനൊരൊറ്റ മുസല്‍മാന്‍ ചെല്ലണമെന്നോണോ നിങ്ങള്‍ പറയുന്നത് ഞാന്‍ ചോദിച്ചു. എന്നെ കൂടി കൊല്ലിക്കാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഞാന്‍ ചോദിച്ചു.

രാത്രിക്ക് രാത്രി ജീവനും കൈയ്യില്‍ പിടിച്ചാണ് ഞാനും കുടുംബവും അവിടെ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തിയത്. ഇനിയുമങ്ങോട്ട് തിരിച്ചുപോകാനുള്ള ധൈര്യം എനിക്കില്ല. പക്ഷെ എന്റെ സഹോദരനവിടെ മരിച്ചുകിടക്കുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്നാറിയില്ല. ആകെ അസ്വസ്ഥനാണ് ഞാന്‍. മൃതദേഹം ലഭിച്ചാല്‍ ചടങ്ങുകളെങ്കിലും ചെയ്യാമായിരുന്നു.

എന്റെ വീടും വാഹനങ്ങളും എല്ലാ നഷ്ടപ്പെട്ടു. ഈ ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ എന്റെ കൈയ്യില്‍ ഒന്നുമില്ല. ഭക്ഷണമടക്കം എല്ലാം തരുന്നത് ഇവരാണ്. എന്റെ ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യമെന്നേ ഞാന്‍ കരുതുന്നുള്ളു.’

We use cookies to give you the best possible experience. Learn more