ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ സത്യസന്ധമായ അന്വേഷണം വേണവെന്ന ആവശ്യവുമായി ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. കലാപത്തിന് ഇരയായവര്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
” കലാപം നടക്കുന്ന സമയത്ത് എങ്ങനെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ദല്‍ഹിയിലേക്ക് ആളുകളെത്തിയത് എന്നതിനെ സംബന്ധിച്ച് അന്വേഷണം വേണം, ജഫ്രാബാദിലും ശിവ് വിഹാറിലും മജ്പൂരിലും നടന്ന കലാപത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണമാണ് ഞങ്ങള്‍ക്ക് ആവശ്യം” പ്രതിഷേധക്കാര്‍ പറഞ്ഞു.
ഫെബ്രുവരി 24നാണ് ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 26ാം തിയതിവരെ ദല്‍ഹിയില്‍ അക്രമം തുടര്‍ന്നു. 53 ആളുകള്‍ മരണപ്പെട്ട കലാപത്തില്‍ 200 ല്‍ അധികം പേര്‍ക്ക് പരിക്ക് പറ്റി.
രാജ്യം കൊവിഡ് 19 ഭീതിയിലിരിക്കുമ്പോഴും ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ സമരം തുടരുകയാണ്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 200 ല്‍ അധികം ആള്‍ക്കാര്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. പൊതുയോഗങ്ങള്‍ ഒഴിവാക്കാനും സാമൂഹികമായി അകലം പാലിക്കാനും മന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യമായ ആരോഗ്യ മുന്‍കരുതലോടെ പ്രതിഷേധംതുടരാനാണ് തീരുമാനമെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.