ദല്‍ഹി ആക്രമണത്തിന്റെ മൂന്നാം ദിവസം; പത്ത് മരണം; മുസ്‌ലിം വീടുകള്‍ക്കും പള്ളിക്കുംനേരെ മനസാക്ഷിയില്ലാത്ത അക്രമം- ചിത്രങ്ങള്‍ സംസാരിക്കുമ്പോള്‍
DELHI VIOLENCE
ദല്‍ഹി ആക്രമണത്തിന്റെ മൂന്നാം ദിവസം; പത്ത് മരണം; മുസ്‌ലിം വീടുകള്‍ക്കും പള്ളിക്കുംനേരെ മനസാക്ഷിയില്ലാത്ത അക്രമം- ചിത്രങ്ങള്‍ സംസാരിക്കുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2020, 8:39 pm

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുള്ള അക്രമം മൂന്നാം ദിവസത്തിലും അവസാനിക്കുന്നില്ല. ദല്‍ഹിയിലെ പൊലീസ് സംവിധാനങ്ങള്‍ മുഴുവന്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ് അക്രമ സംഭവങ്ങള്‍ രൂക്ഷമാകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ആക്രമണത്തില്‍ ഇതുവരെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം ആളുകള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലും മറ്റുമാണെന്നാണ് വിവരം.

മുസ്‌ലിം വീടുകള്‍ തെരഞ്ഞുപിടിച്ചാണ് അക്രമങ്ങളേറെയും. ദല്‍ഹിയിലെ അശോക് വിഹാറിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമുണ്ടായി. ‘ജയ് ശ്രീറാം, ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി കോളാമ്പി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു.

മസ്ജിദ് പരിസരത്തുള്ള ഒരു ഫൂട്വെയര്‍ ഷോപ്പടക്കം, കടകളെല്ലാം കൊള്ളയടിക്കപ്പെട്ടു. കൊള്ളയടിക്കാനെത്തിയവര്‍ പരിസരവാസികളല്ലെന്നും പ്രദേശത്ത് താമസിക്കുന്നവരിലധികവും ഹിന്ദു കുടുംബങ്ങളില്‍പ്പെട്ടവരാണെന്നും കുറച്ച് മുസ്ലിം വീടുകളെയുള്ളുവെന്നും പ്രദേശവാസികള്‍ ദ വയറിനോട് പറഞ്ഞു.

പൊലീസുകാരെ അക്രമം നടക്കുമ്പോള്‍ സ്ഥലത്ത് കണ്ടില്ലെന്നും പൊലീസ് നേരത്തെ തന്നെ മുസ്ലിം സമുദായത്തിലുള്ള മനുഷ്യരെ സ്ഥലം മാറ്റിയിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ 24 ന്യൂസ് റിപ്പോര്‍ട്ടര്‍ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ