അമിത് ഷായുടെ അവസാന ട്വീറ്റ് സവര്‍ക്കറെ പ്രകീര്‍ത്തിച്ച്, മോദിയുടേത് ട്രംപിനെ കുറിച്ചും; ദല്‍ഹി കലാപത്തില്‍ വാ മൂടിക്കെട്ടി ബി.ജെ.പി കേന്ദ്രനേതൃത്വം
national news
അമിത് ഷായുടെ അവസാന ട്വീറ്റ് സവര്‍ക്കറെ പ്രകീര്‍ത്തിച്ച്, മോദിയുടേത് ട്രംപിനെ കുറിച്ചും; ദല്‍ഹി കലാപത്തില്‍ വാ മൂടിക്കെട്ടി ബി.ജെ.പി കേന്ദ്രനേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2020, 12:33 pm

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിട്ടും മൗനം വെടിയാതെ ബി.ജെ.പി നേതാക്കള്‍. എല്ലാ വിഷയങ്ങള്‍ക്കും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദല്‍ഹി കലാപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല.

അക്രമ സംഭവങ്ങളെ അപലപിച്ച് പോലും ബി.ജെ.പി നേതാക്കള്‍ പ്രതികരണം രേഖപ്പെടുത്താത്തതില്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

13 മണിക്കൂര്‍ മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ട്വീറ്റാണ് പ്രധാനമന്ത്രി അവസാനമായി പോസ്റ്റ് ചെയ്തത്. രാജ്യ തലസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവത്തേക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇത് വരെ ദല്‍ഹി സംഘര്‍ഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തിയിട്ടില്ല.

വീര്‍ സവര്‍ക്കറെ അനുസ്മരിച്ചുകൊണ്ടുള്ള ട്വീറ്റാണ് അമിത് ഷായുടേതായി അവസാനം ട്വിറ്ററില്‍ വന്നിട്ടുള്ളത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ബാലാക്കോട്ട അക്രമത്തെ അനുസ്മരിച്ച് കൊണ്ട് രണ്ട് മണിക്കൂര്‍ മുന്നേ ട്വീറ്റ് ചെയ്‌തെങ്കിലും ദല്‍ഹി സംഘര്‍ത്തില്‍ ഇതുവരെ പ്രതികരിച്ചട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യ തലസ്ഥാനത്ത് കലാപ സമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ മുന്‍ നിര ബി.ജെ.പി നേതാക്കളുടെ മൗനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച ദിവസം തന്നെ നഗരം കത്തുകയും ജനങ്ങളെ കൂട്ടകുരുതി ചെയ്യുകയും ചെയ്തപ്പോള്‍ അക്രമങ്ങളെ അപലപിച്ച് ഒരു വാക്ക് പോലും ഉരിയാടാതെ ഇരിക്കുകയാണ് പ്രധാന നേതാക്കളെല്ലാം എന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വിഷയത്തില്‍ പ്രതികരിച്ചത്.