| Monday, 2nd March 2020, 3:40 pm

ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കെജ്‌രിവാള്‍; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ദല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

” ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും നല്‍കും”, കെജ്‌രിവാള്‍ പറഞ്ഞു.

കലാപത്തില്‍ കൊല്ലപ്പെട്ട ദല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അക്രമത്തില്‍ ഇതുവരെ 46 പേരാണ് കൊല്ലപ്പെട്ടത്. നൂറ് കണക്കിന് ആളുകള്‍ ചികിത്സയില്‍ തുടരുകയാണ്. നഷ്ടപരിഹാര തുക ബാങ്ക് അക്കൗണ്ട് വഴി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ചികിത്സാ ചിലവുകള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more