'ദല്‍ഹിയില്‍ ഗുജറാത്താണ് ആവര്‍ത്തിക്കപ്പെടുന്നത്'; അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു
ശ്രിന്‍ഷ രാമകൃഷ്ണന്‍

കൊല്ലം 2002, മാസം ഫെബ്രുവരി രാജ്യത്തെ നടുക്കിയ ആയിരക്കണക്കിന് മനുഷ്യരുടെ കൂട്ടകൊലയ്ക്ക് ഇടയാക്കിയ ഗുജറാത്ത് കലാപത്തിന് രാജ്യം ഞെട്ടലോടെ സാക്ഷ്യം വഹിച്ച ദിനങ്ങള്‍. മതം തെരഞ്ഞു പിടിച്ച് സ്വതന്ത്ര ഇന്ത്യയില്‍ മനുഷ്യരെ ആക്രമിക്കുന്നു എന്ന് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. സഹായം ആവശ്യപ്പെട്ടിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ലെന്ന് ഒറ്റപ്പെട്ടു പോയ മനുഷ്യര്‍ക്ക് വേദനയോടെ പറയേണ്ടി വന്ന ദിവസങ്ങള്‍.

അന്ന്് ബി.ബി.സിയ്ക്ക് വേണ്ടി ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ബി.ബി.സി റിപ്പോര്‍ട്ടര്‍ റെഹാന്‍ ഫസല്‍ പങ്കുവെച്ച ഓര്‍മ ഇതാണ്.

‘ഞാന്‍ ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദില്‍ എത്തുന്നത് ഫെബ്രുവരി 28ന്. സിറ്റിയിലുടെ പോകുന്ന സമയത്ത് കണ്ടത് ചൂട്ട കത്തിച്ച് 200 ഓളം ആളുകള്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് വാഹനങ്ങള്‍ തടയുന്നതാണ്. അമ്പതോളം ആളുകള്‍ ചേര്‍ന്ന് ഞങ്ങളുടെ കാറ് തടഞ്ഞു.
അവരോട് സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചു പക്ഷേ മിണ്ടാതിരിക്കാന്‍ ഡ്രൈവര്‍ എന്നോട് ആവശ്യപ്പെട്ടു. ഗോധ്രയില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന ബി.ബി.സി മാധ്യമ പ്രവര്‍ത്തകരാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിച്ചത്’.

രണ്ടാമതും വാഹനം തടഞ്ഞു. ഇത്തവണ നിങ്ങളുടെ ഐഡി കാര്‍ഡ് കാണിക്കൂ എന്ന് അലറിയ ഒരു കൂട്ടത്തെയാണ് നേരിടേണ്ടി വന്നത്. എന്റെ മുസ്ലിം ഐഡിന്റി വിളിച്ചോതുന്ന പേര് മറച്ചുവെച്ച് ഐഡി കാര്‍ഡ് അവര്‍ക്കു നേരെ ഉയര്‍ത്തികാണിച്ചു. തൊട്ടടുത്ത് ഒരു കാറില്‍ നിന്ന് ഒരാളെ വലിച്ചിഴച്ച് ഉപദ്രവിക്കുന്നതാണ് പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത്. വാക്കുകള്‍ ഈ അക്രമങ്ങള്‍ നേരിട്ട് കണ്ട മാധ്യമപ്രവര്‍ത്തകന്റേത്് പരിഭാഷ ചെയ്തത് മാത്രമാണ്. ആ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ എന്റെ ശരീരം വിറച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗുജറാത്ത് കലാപം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റെഹാന്‍ ഫസലിനു പറയാനുണ്ടായിരുന്നത ഇതാണ്.

കൊല്ലം 2020 മാസം ഫെബ്രുവരി.

ഗുജറാത്ത് കലാപത്തില്‍ പ്രതികൂട്ടില്‍ നിന്ന നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയും അമിത് ഷാ കേന്ദ്ര മന്ത്രിയുമായി ദല്‍ഹിയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സമയം

അന്ന് ഗുജറാത്തില്‍ കേട്ടതിന് സമാനമായ നിലവിളികളാണ് ഇന്ന്് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നിന്ന് ഉയരുന്നത്. മരണസംഖ്യ ഇതിനോടകം 20 കടന്നിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് കണ്‍മുന്നില്‍ കാണുന്ന വാര്‍ത്തയ്ക്ക് പുറമെ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ തല്ലിചതച്ചതും, വെടിയേറ്റതും റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടി വന്ന ദിവസങ്ങള്‍. ബി.ബി.സി റിപ്പോര്‍ട്ടര്‍ റെഹാന്‍ ഫസലിന്റേതിനു സമാനമായി വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ട ദിവസങ്ങള്‍.

എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സൗരബ് ശുക്ല ചൊവ്വാഴ്ച്ച പറഞ്ഞത് ഇങ്ങനെയാണ്.
ഗോകുല്‍പുരിയില്‍ നില്‍ക്കുന്ന സമയത്താണ് ആരാധനാലയം കത്തിച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നത്. സഹപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിനൊപ്പം അവിടെയത്തി ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ഓടിയെത്തിയ ആള്‍കൂട്ടം അരവിന്ദിനെ തല്ലിചതയ്ക്കുകയായിരുന്നു. രുദ്രാക്ഷ മാല കാണിച്ചും ബ്രാഹ്മിണ്‍ ആണെന്നും പറഞ്ഞാണ് അവരില്‍ നിന്ന് രക്ഷപ്പെട്ടത്. സ്വന്തം വിഭാഗത്തില്‍ നിന്നുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായിരുന്നു പിന്നീട് തല്ല് കിട്ടിയതെന്നും ശുക്ല പറയുന്നു. അക്രമികള്‍ ഗുണശേഖറിന്റെ മൂന്ന് പല്ല് അടിച്ച് കൊഴിച്ചു.

ശുക്ലയും ഗുണശേഖറും ആവര്‍ത്തിച്ചതിന് സമാനമായ സാഹചര്യമാണ് ദല്‍ഹിയില്‍ ഉള്ളതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.
ഒരു ഹിന്ദി ചാനലിന്റെ റിപ്പോര്‍ട്ടറായ ആകാശ് നാപയെ ഇടത് തോളില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓക്സിജന്‍ മാസ്‌ക് വച്ചാണ് ദല്‍ഹിയില്‍ സംഭവിക്കുന്നതിന്റെ ഭീകരത അദ്ദേഹം ജനങ്ങളിലെത്തിച്ചത്.

ഏഷ്യാനെറ്റിന്റെ ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍ ദല്‍ഹി അക്രത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്

’16 വര്‍ഷമായി ഞാന്‍ ദല്‍ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ദല്‍ഹി മാറുകയാണ.് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. അക്രമം ഷൂട്ട് ചെയ്താല്‍ നമുക്ക് നേരെ കല്ലെറിയുകയാണ്. ആസൂത്രിത സംഘടിത ആക്രമമാണ് ദല്‍ഹിയില്‍ നടക്കുന്നത്,’ ഇതായിരുന്നു പി.ആര്‍ സുനിലിന്റെ വാക്കുകള്‍.
ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് നടക്കുന്നതെന്നും .
അക്രമികള്‍ക്ക് അക്രമങ്ങള്‍ നടത്താനുള്ള മൗനാനുവാദം പൊലീസ് തന്നെ നല്‍കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു

അക്രമം നടക്കുന്നിടത്തു നിന്ന് ഹിന്ദുക്കള്‍ ആയതുകൊണ്ട് മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടത് എന്നാണ് ന്യൂസ് 18 മാധ്യമ പ്രവര്‍ത്തക രഞ്്ജുന്‍ ശര്‍മ്മ പറഞ്ഞത്.

‘ഞാന്‍ ഒരു സിനിമ കാണുകയാണെന്നാണ് എനിക്ക് തോന്നിയത്. ഭയപ്പെടുത്തുന്ന രംഗങ്ങളായിരുന്നു ചുറ്റും. വാളുകളും ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ആളുകളെ മര്‍ദ്ദിച്ചു മുന്നേറുന്ന ചിലര്‍. അവരില്‍ പലരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. എല്ലാവരും ജയ് ശ്രീരാം എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.

അവര്‍ ഓരോ വീടുകളിലായി കയറുന്നത് കണ്ടു. വീട്ടില്‍ നിന്നും വലിയ ശബ്ദങ്ങള്‍ പുറത്തേക്ക് വരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന്റെ ജനാലകള്‍ക്കുള്ളില്‍ നിന്നും തീയും പുകയും പുറത്തേക്ക് വരുന്നത് കാണാം.
രഞ്ജുന്‍ ശര്‍മ്മ പറയുന്നു.

സമാനമായ അനുഭവമാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടര്‍ ശിവനാരായണന്‍ രാജ്പുരോഹിതിനും പറയാനുള്ളത്. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കയ്യിലുള്ള നോട്ട് പുസ്തകം പിടിച്ചു വാങ്ങിച്ച അക്രമികള്‍ സംശയകരമായി ഒന്നും അതിനകത്ത് ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് വിട്ടയച്ചതെന്ന് അദ്ദേഹം പറയുന്നു. ഹിന്ദു ആയ്ത്കൊണ്ട് മാത്രമാണ് അക്രമികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് എന്ന ഭയാനകമായ അവസ്ഥ കൂടി അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.

ദല്‍ഹി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കലാപകാരികള്‍ അഴിച്ചു വിട്ടത് ഭീതിതമായ അക്രമമാണെന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ഘട്ടത്തിലും പുറത്ത് വരുന്നത്. വസ്തുതകള്‍ പുറത്തെത്തിക്കരുത് എന്ന നിര്‍ബന്ധ ബുദ്ധി തന്നെയാണ് ഇതിന് പിന്നില്‍. മാധ്യമ സ്വാതന്ത്ര്യത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയുടെയും വിഷയത്തില്‍ അനുദിനം രാജ്യത്തെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുന്നതുമാണ്.

2002ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുതരമായ അക്രമമാണ് നടന്നത്. ഇപ്പേള്‍ സമാനമായ അവസ്ഥയ്ക്കാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതും.