ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കാരെ ആക്രമിച്ച സംഭവത്തില്‍ കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗത്തിനെതിരെ പരാതി നല്‍കി ജാമിഅ കോഡിനേഷന്‍ കമ്മിറ്റി. കപില്‍ മിശ്ര ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.
ദല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. ജാഫ്രാബാദില്‍ ഷാഹീന്‍ ബാഗിന് സമാനമായ പ്രതിഷേധം ആരംഭിച്ചിരുന്നു.
‘മൂന്ന് ദിവസത്തെ സമയം ഞങ്ങള്‍ തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.’ കപില്‍ മിശ്ര പറഞ്ഞിരുന്നു.
ട്രംപ് സന്ദര്‍ശനം കഴിഞ്ഞുപോകുന്നത് വരെയെ തങ്ങള്‍ അടങ്ങിയിരിക്കുകയുള്ളൂ എന്നും അതിനുശേഷവും പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പിന്നീട് തങ്ങള്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പൗരത്വ പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കാനായി മൗജ്പൂരില്‍ എത്തിച്ചേരണമെന്നും ജാഫ്രാബാദിനെ മറ്റൊരു ഷാഹീന്‍ബാഗാക്കാന്‍ അനുവദിക്കില്ലെന്നും കപില്‍ മിശ്ര കഴിഞ്ഞ ദിവസം ട്വീറ്റും ചെയ്തിരുന്നു.
കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജാമിഅ കോഡിനേഷന്‍ കമ്മിറ്റി പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരണം അഞ്ചായി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ദല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ദല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചതായി ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
മൗജ്പൂരില്‍ പൊലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി. ദല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.