| Friday, 28th February 2020, 1:42 pm

ദല്‍ഹി അക്രമത്തിലെ മരണസംഖ്യ ഉയരുന്നു: ഇതുവരെ കൊല്ലപ്പെട്ടത് 43 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടതോടെ ദല്‍ഹി അക്രമത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 43 ആയി. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന അക്രമത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

ഫെബ്രുവരി 23നാണ് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ അക്രമം ആരംഭിച്ചത്. ജാഫ്രാബാദ് എന്ന സ്ഥലത്ത് നടന്നിരുന്ന പൗരത്വ ഭേദഗതി പ്രതിഷേധസമരം നടന്നുവരികയായിരുന്നു. ഇവരെ ആക്രമിച്ചു പിരിച്ചുവിടാന്‍ അനുകൂലികള്‍ എത്തിയതോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വൈകാതെ തന്നെ ഇത് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള കലാപമായി മാറുകയായിരുന്നു.

അക്രമികള്‍ നിരവധി വീടുകളും കടകളും തീവെച്ച് നശിപ്പിക്കുകയും പണവും മറ്റു വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ജി.ടി.ബി ആശുപത്രിയില്‍ മാത്രം അക്രമസ്ഥലത്ത് നിന്നും 25 മൃതദേഹങ്ങളാണ് എത്തിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാവും എം.പിയുമായ കപില്‍ മിശ്രയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടക്കുമ്പോളും ദല്‍ഹി പൊലീസ് നിഷ്‌ക്രിയരായിരുന്നെന്ന് വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു.

നേരത്തെ ദല്‍ഹി കലാപത്തിന് വഴിവെക്കുന്ന രീതിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ദല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു.

ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ദല്‍ഹി പൊലീസിന് നേരത്തെതന്നെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതായാണ് വിവരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൗജ്പുരില്‍ കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും സേനയെ വിന്യസിക്കണമെന്നും തുടരെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് ആറു മുന്നറിയിപ്പുകളെങ്കിലും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പിനോടുപോലും ദല്‍ഹി പൊലീസ് പ്രതികരിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റ്‌ലിജന്‍സും പല തവണ വയര്‍ലെസ് സന്ദേശങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ വൈകിട്ട് മൂന്നിന് മൗജ്പുര്‍ ചൗക്കില്‍ എത്തിച്ചേരണമെന്ന് ഫെബ്രുവരി 23 ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ആദ്യ മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പൊലീസിനോട് കൂടുതല്‍ സേനയെ വിന്യസിപ്പിക്കണമെന്നും ഇന്റലിജന്‍സ് വിങ് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് കല്ലേറ് തുടങ്ങിയതോടെ തുടരെ തുടരെ മറ്റ് മുന്നറിയിപ്പുകളും നല്‍കിയതായും പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more