ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യയതലസ്ഥനത്ത് ഇത്രയും രൂക്ഷമായ സംഭവങ്ങള്‍ ഉണ്ടായിട്ടും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി നിശബ്ദത പാലിക്കുന്നത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് അമിത് ഷാ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് ക്രമസമാധാനം പുലര്‍ത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ദല്‍ഹി പൊലീസ് നടപടിയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവാദിത്തങ്ങളില്‍നിന്നും മാറി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പിയുടെയും കെജ് രിവാളിന്റെയും പരസ്പരം പഴിചാരിയുള്ള രാഷ്ട്രീയത്തിന് വലിയ വില കൊടുക്കേണ്ടിവരുന്നത് ദല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
പ്രദേശത്തെ ജനങ്ങള്‍ സമാധാനം പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പാര്‍ട്ടി ചപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ദല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ അപലപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമാധാനപരമായ സമരങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണെന്നും അഭിപ്രായപ്പെട്ടു. അക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കഴിക്കന്‍ ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാവുകയാണ്. പലയിടത്തും നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നകതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായെന്നാണ് വിവരം.
ഒമ്പത് വയസുള്ള കുട്ടിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിഷേധക്കാര്‍ക്കുനേരെ അക്രമികള്‍ കല്ലേറ് നടത്തുകയും പെട്രോള്‍ ബോബ് എറിയുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ദല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ തുറന്ന പ്രവര്‍ത്തിക്കില്ലെന്ന് ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനിഷ് സിസോധിയ അറിയിച്ചു. പരീക്ഷകളെല്ലാം മാറ്റിവെച്ചു.
അതേസമയം കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും പ്രചരിപ്പിക്കരുതെന്ന് ദല്‍ഹി പൊലീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ