ഡല്‍ഹിയില്‍ കലാപത്തില്‍ മരിച്ചവരുടെ ഭാഗികമായ ലിസ്റ്റ് ആണ് താഴെ, ഔദ്യോഗികമായി ആശുപത്രി പുറത്തിറക്കിയ ലിസ്റ്റുകളിലൊന്ന്. മരണകാരണം വെടിയുണ്ട എന്ന് കാണിച്ചതാണ് ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതെഴുതുമ്പോള്‍ പുറത്തു വന്ന നാല്പത്തിരണ്ട് ആളുകളുടെ ലിസ്റ്റില്‍ പകുതിയിലധികം പേരും വെടികൊണ്ടാണ് മരിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഇരുന്നൂറോളം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. അതില്‍ രണ്ടു വിഭാഗക്കാരുമുണ്ട്. ഇത് പുതിയതാണ്, ഇതിനു മുമ്പ് നടന്ന ഒരു കലാപത്തിലും ആളുകള്‍ തോക്കുപയോഗിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല. റിപോര്‍ട്ടര്‍മാരും പോലീസും നാട്ടുകാരും ഒരുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് ഡല്‍ഹിയില്‍ ഇരു വിഭാഗക്കാരും തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട് എന്നത്.
ഡല്‍ഹി പോലീസ് പറയുന്നത് അഞ്ഞൂറോളം കാലി കാട്രിഡ്ജുകള്‍ അവര്‍ കണ്ടെടുത്തത് തന്നെ ഉണ്ടെന്നാണ്. 32 ബോര്‍, 9 എം എം , 315 ബോര്‍ കാട്രിഡ്ജുകളാണ് റോഡില്‍ പലയിടത്തും. ഇതൊന്നും പോലീസ് ഉപയോഗിക്കുന്ന മോഡലുകള്‍ അല്ല. നാടന്‍ തോക്കുകള്‍ മുതല്‍ ഓട്ടോമാറ്റിക് റൈഫിളുകള്‍ വരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
കലാപങ്ങളും ആഭ്യന്തര യുദ്ധവും തമ്മിലുള്ള വ്യത്യാസം ലളിതമായി ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, കലാപത്തില്‍ കത്തി, കോടാലി, കല്ല് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ആഭ്യന്തര യുദ്ധത്തില്‍ തോക്ക്, ഗ്രനേഡ്, ബോംബ് ഒക്കെയാവും ഉപയോഗിക്കുക. വിശദമാക്കാം.
കലാപങ്ങള്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടവസാനിക്കും. ആഭ്യന്തര യുദ്ധങ്ങള്‍ ചുരുങ്ങിയത് പത്തോ ഇരുപതോ വര്‍ഷമെടുക്കും. ആഭ്യന്തര യുദ്ധത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി മറ്റുള്ളവരെ ആക്രമിക്കുന്ന രീതി കുറവായിരിക്കും. മറിച്ചു പരമാവധി ആയുധങ്ങള്‍ സംഘടിപ്പിച്ചു ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളായിരിക്കും, കൃത്യമായ ഇടവേളകളില്‍. അതിനു ന്യൂനപക്ഷം, ഭൂരിപക്ഷം എന്നതൊന്നും വല്ലാത്ത വ്യത്യാസം ഉണ്ടാകില്ല .
കലാപങ്ങള്‍ എന്നാല്‍ സാധാരണഗതിയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ പ്രാദേശികമായുണ്ടാകുന്ന ചെറിയ തര്‍ക്കങ്ങളെയും കശപിശകളെയുമൊക്കെ തുടര്‍ന്ന് കയ്യില്‍ കിട്ടിയ ആയുധങ്ങള്‍ കൊണ്ട് ഏറ്റു മുട്ടുന്ന സ്ഥിതിയാണ്. ഇന്ത്യയില്‍ അതുപോലത്തെ കലാപങ്ങള്‍ ദിവസേന ഉണ്ടാകുന്നതു കൊണ്ട് നമ്മള്‍ ശ്രദ്ധിക്കാറില്ല. നമ്മള്‍ പൊതുവെ കലാപങ്ങള്‍ എന്ന് പറയുന്നത് നൂറുകണക്കിനാളുകള്‍ മരിക്കുന്ന ഡല്‍ഹി (1984 ഹിന്ദു-സിഖ് ), മുംബൈ ( 1992 ഹിന്ദു-മുസ്ലിം ) (ഗുജറാത്ത് (2002 ഹിന്ദു- മുസ്ലിം), കന്ധമാല്‍ (2008 ഹിന്ദു -ക്രിസ്ത്യന്‍), മുസാഫര്‍നഗര്‍ (2013 ഹിന്ദു-മുസ്ലിം) മുതലായ കലാപങ്ങളാണ്.
ഇത്തരം കലാപങ്ങള്‍ക്ക് വ്യക്തമായ രീതിയുണ്ട്, വളരെ കാലമായി പരീക്ഷിക്കപ്പെട്ടു വിജയകരമാണെന്ന് ഉറപ്പു വരുത്തപ്പെട്ട രീതികള്‍. വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നവ. അതിന്റെ വിവിധ ഘട്ടങ്ങള്‍ ഇങ്ങനെയാണ്.
ഒന്ന് – ഏതു നഗരത്തിലാണ് കലാപം നടത്തേണ്ടതെന്നുള്ള വ്യക്തമായ പ്ലാനിങ്, അതിനുള്ള വ്യക്തമായ കാരണം. ഉദാഹരണത്തിന് സിക്കുകാര്‍ വിഘടനവാദം ഉന്നയിക്കുന്നതിന്റെ പ്രതികാരത്തിനായി 84 ലെ ഡല്‍ഹി കലാപം, വടക്കു കിഴക്കന്‍ സംസ്ഥാനത്തു വ്യാപകമായ മതപരിവര്‍ത്തനം നടത്തുന്നതിന് എതിരെ മിഷനറിമാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനായി കാണ്ഡമാല്‍ കലാപം, യു.പി തൂത്തുവാരി മോദിക്ക് പ്രധാനമന്ത്രി ആവാന്‍ വേണ്ടി മുസഫര്‍ നഗര്‍ കലാപം എന്നിങ്ങനെ. അടുത്ത ബംഗാള്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ബംഗാളിലെ ഏതെങ്കിലും നഗരങ്ങളില്‍ സംഘപരിവാര്‍ കലാപം നടത്താന്‍ സാധ്യതയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പല പ്രാവശ്യമായി ആരോപിക്കുന്നുണ്ട്.
രണ്ട് – കലാപം നടത്താന്‍ പദ്ധതിയിട്ട നഗരത്തില്‍ ഒരു കൊല്ലത്തോളം നീണ്ടു നില്‍ക്കുന്ന വിദ്വേഷ പ്രചാരണം. ഉദാഹരണം 1984 ല്‍ ഡല്‍ഹിയില്‍ സിക്ക് തീവ്രവാദികള്‍ വെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്നും പഞ്ചാബില്‍ നിന്ന് ഒരുപാട് തീവ്രവാദികള്‍ ഡല്‍ഹിയില്‍ എത്തികൊണ്ടിരിക്കുകയാണെന്നും മറ്റുമുള്ള പ്രചാരണം. വ്യാപകമായി ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഹിന്ദുക്കള്‍ ന്യുനപക്ഷമായി പോകുമെന്നും മറ്റുമുള്ള പ്രചാരണമായിരുന്നു കാണ്ഡമാലില്‍. ഹിന്ദു സ്ത്രീകളെ മുസ്ലിംകള്‍ വശീകരിച്ചു തട്ടി കൊണ്ട് പോകുന്നു എന്നതായിരുന്നു മുസാഫറാബാദില്‍.
മൂന്ന് – കലാപത്തിന്റെ മുന്നൊരുക്കങ്ങള്‍. അക്രമം നടത്തേണ്ടുന്ന സ്ഥലങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ ഒക്കെ ഏതെങ്കിലും രീതിയില്‍ അടയാളപ്പെടുത്തല്‍, ഓരോ സ്ഥലങ്ങളിലും കലാപത്തിന് നേതൃത്വം നല്‍കേണ്ട ആളെയും അണികളെയും കണ്ടെത്തല്‍. ആവശ്യമാണെങ്കില്‍ അന്യ സ്ഥലങ്ങളിലുള്ള ആളുകളെ ഏര്‍പെടുത്തല്‍.
നാല്- കലാപം തുടങ്ങാനുള്ള ട്രിഗറിന് വേണ്ടി കാത്തിരിക്കല്‍, അല്ലെങ്കില്‍ ഒരു ട്രിഗര്‍ ഉണ്ടാക്കല്‍. ഉദാഹരണത്തിന് ഇന്ദിരാ ഗാന്ധി വധം, ഗോദ്ര സംഭവം, കാണ്ഡമാലില്‍ ലക്ഷ്മണാനന്ദ സ്വാമിയുടെ കൊലപാതകം തുടങ്ങിയവ .
അഞ്ച് – ഈ ഘട്ടം മുതലാണ് മറ്റുള്ളവര്‍ കലാപത്തെ കുറിച്ച് അറിയുന്നത് തന്നെ. മുപ്പതോ നാല്പതോ ആളുകളുടെ കൂട്ടങ്ങള്‍ ചെന്നായ്ക്കളെ പോലെ മുന്‍കൂട്ടി നിശ്ചയിച്ച നേതാവിന്റെ നേതൃത്വത്തില്‍ പരമാവധി സ്ഥാപനങ്ങള്‍ കത്തിക്കുകയും ആളുകളെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന ഘട്ടമാണിത്. ഇരകള്‍ക്ക് തിരിച്ചടിക്കുന്നത് പോയിട്ട് ഓടി രക്ഷപ്പെടാന്‍ പോലുമുള്ള അവസരം ലഭിക്കില്ല. ആദ്യത്തെ രണ്ടു ദിവസം പരമാവധി ആളുകളെ കൊല്ലുന്നതിലാണ് കലാപകാരികളുടെ വിജയം. മൂന്നാമത്തെ ദിവസമാകുമ്പോഴേക്കും പട്ടാളത്തെ വിളിക്കാനുള്ള മുറവിളി ഉയരും. നാലാം ദിവസം പട്ടാളം വരികയും ചെയ്യും. ആ സമയമാവുമ്പോള്‍ കലാപകാരികള്‍ പിന്‍വലിഞ്ഞിട്ടുണ്ടാകും. ആദ്യത്തെ ഞെട്ടലില്‍ നിന്നുണര്‍ന്ന് തിരിച്ചടിക്കാന്‍ ഒരുങ്ങുന്ന കുറച്ചു ഇരകളെയായിരിക്കും പട്ടാളത്തിന്റെ കയ്യില്‍ കിട്ടുക. അവരെ പട്ടാളവും വെടിവെക്കും.
ഈ ഘട്ടത്തില്‍ ഒരിടത്തു പോലും കലാപകാരികളോ ഇരകളോ തോക്കുപയോഗിക്കാറുണ്ടായിരുന്നില്ല ഇത് വരെ. കത്തി, കോടാലി, വടിവാള്‍, തുടങ്ങിയവയാണ് ആയുധങ്ങള്‍. ഇരകള്‍ വല്ല വിധേനയും തിരിച്ചടിക്കുന്നുണ്ടെങ്കില്‍ അത് കല്ലെറിഞ്ഞായിരിക്കും. അപൂര്‍വമായി ആസിഡ് ബള്‍ബ്, പെട്രോള്‍ ബോംബുകള്‍ തുടങ്ങിയവയും ഉപയോഗിക്കും. പോലീസിന്റെ കയ്യിലാണ് തോക്ക് ഉണ്ടാകുക. പോലീസ് വെടിവെക്കുകയാണെങ്കില്‍ അക്രമി സംഘം ചിതറുകയും തിരിഞ്ഞോടുകയും ചെയ്യും. പക്ഷെ അവര്‍ അത് ചെയ്യില്ല. പൊതുവെ കലാപകാരികള്‍ക്കൊപ്പമായിരിക്കും പോലീസ്. പട്ടാളക്കാര്‍ വെടി വെക്കും, പക്ഷെ പട്ടാളം വരുമ്പോഴേക്ക് കലാപകാരികള്‍ ജോലി തീര്‍ത്തു വീട്ടില്‍ തിരിച്ചെത്തിയിരിക്കും. വളരെ കാലമായി നടക്കുന്ന ഈ രീതിയാണ് ഡല്‍ഹിയില്‍ ഇപ്പ്രാവശ്യം താളം തെറ്റിയത്.
ഒന്നാമത്, ട്രിഗ്ഗര്‍ തെറ്റി. കപില്‍ ശര്‍മ്മ നടത്തിയ കലാപാഹ്വാനം കൃത്യമായിരുന്നു, ട്രംപ് പോയിട്ടേ കലാപം തുടങ്ങാവൂ എന്ന് അതില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ അടുത്ത കാലത്തു അധികാരത്തിന്റെ അഹന്ത കയറി അച്ചടക്കം നഷ്ടപെട്ട അണികള്‍ ട്രംപ് പോകുന്നതു വരെ കാത്തിരുന്നില്ല. അവര്‍ കലാപം തുടങ്ങി. ട്രംപിന്റെ കൂടെ വന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ ലൈവും തുടങ്ങി. ഇത് കലാപത്തിന്റെ സംഘാടകരെയും സര്‍ക്കാരിനെയും വലിയ പ്രതിസന്ധിയില്‍ എത്തിച്ചു. കലാപത്തിന്റെ താളം തെറ്റി.
അതിന്റെ കൂടെ ഇത് വരെ ഒരു കലാപത്തിലും സംഭവിക്കാത്ത മറ്റൊന്ന് കൂടെ സംഭവിച്ചു. വടിവാളും കത്തിയുമായി ഓടിയടുക്കുന്ന കലാപകാരികള്‍ക്കു നേരെ ഇരകളുടെ ഭാഗത്തു നിന്ന് കുറെ സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. പലയിടത്തും കലാപകാരികള്‍ ചിതറിയോടി. കലാപകാരികളും പല സ്ഥലങ്ങളിലും വെടി വക്കുന്നുണ്ടായിരുന്നു. ഇത് പോലീസ് വെടി വച്ചില്ലെങ്കിലും വെടിവെപ്പ് കാര്യമായി നടക്കുന്നു എന്ന പ്രതീതിയുണ്ടായി. ഒട്ടേറെ കലാപകാരികള്‍ പിന്മാറി. മറ്റു സ്ഥലങ്ങളില്‍ നിന്നും, പ്രത്യകിച്ചു ഉത്തര്‍ പ്രദേശില്‍ നിന്ന്, വന്നവര്‍ക്ക് നിര്‍ദേശം കൊടുക്കാനും അവരെ നയിക്കാനും പ്രാദേശിക അണികള്‍ ഇല്ലാത്ത അവസ്ഥ വന്നു.
അങ്ങനെയാണ് ഏറ്റവും നിര്‍ണായകമായ രണ്ടു ദിവസങ്ങള്‍ കലാപകാരികള്‍ക്ക് നഷ്ടപെട്ടത്. അത് കൊണ്ടാണ് മറ്റു പ്രധാന കലാപങ്ങളിലെല്ലാം നൂറുകണക്കിനോ ആയിരക്കണക്കിനോ ആളുകള്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ അത് അന്‍പതില്‍ താഴെ ആയത്. ബലാത്സംഗങ്ങള്‍ ഒന്ന് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാധാരണ ആദ്യ രണ്ടു ദിവസങ്ങളില്‍ കൊലപാതകങ്ങളെക്കാള്‍ ബലാല്‍സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. കലാപകാരികള്‍ക്ക് വീടുകള്‍ക്കടുത്തേക്കോ അകത്തേക്കോ പോകാന്‍ പേടിയായിരുന്നു എന്നാണിത് കാണിക്കുന്നത്.
ആദ്യ രണ്ടു ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് ഇരകളും തയ്യാറെടുത്തു തുടങ്ങി. കുപ്പികളില്‍ ആസിഡും പെട്രോളും നിറച്ചു വീടുകളുടെ ടെറസുകള്‍ക്ക് മുകളില്‍ ആളുകള്‍ തമ്പടിച്ചു. ആയിരക്കണക്കിന് കുപ്പികള്‍ ഈ ദിവസങ്ങളില്‍ വിറ്റഴിച്ച ചില ആക്രി കച്ചവടക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപകാരികള്‍ക്ക് വീടുകള്‍ക്ക് നേരെ അടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. ദൂരെ നിന്ന് വെടിവയ്ക്കുന്ന കലാപകാരികളെയാണ് പിന്നെ കണ്ടത്. കൊള്ളയടിയും ബലാത്സംഘവും അസാധ്യമായതോടെ കലാപകാരികള്‍ക്ക് ആവേശം നഷ്ടപ്പെട്ടു, കൂടെ വെടി കൊള്ളുമോ എന്ന പേടിയും. ക്രമേണ പോലീസും പട്ടാളവും ഇല്ലാതെ തന്നെ കലാപം ശമിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിന്, പാര്‍ലമെന്റിന്റെ തൊട്ടടുത്ത് നവീന്‍ ദലാല്‍ എന്ന ഒരു സംഘ്-തീവ്രവാദി ഒമര്‍ ഖാലിദിന് നേരെ വെടി വച്ച് കൊണ്ടാണ് ഡല്‍ഹിയില്‍ തോക്കു രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് പലപ്പോഴും സംഘ്-തീവ്രവാദികള്‍ തോക്കെടുത്തു മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുകയും വെടി വെക്കുകയും ഒക്കെ ചെയ്യുന്നത് പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. തോക്ക് കൊണ്ടുള്ള കളി അപകടമാണെന്ന് ഒട്ടേറെ പേര്‍ ചൂണ്ടി കാണിച്ചിരുന്നു. ( ഡൂള്‍ന്യൂസ് ഈ വിഷയത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം
ഒരു പാട് സംഘ് വളണ്ടിയര്‍മാരുടെ കയ്യില്‍ തോക്ക് എത്തിയത് കൊണ്ടാണ് ‘ഗോലി മാരോ സാലോം കോ ‘ എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം ഡല്‍ഹിയില്‍ വ്യാപകമായത്. ഇതൊക്കെ സര്‍ക്കാര്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത സൂചനകളായിരുന്നു. പക്ഷെ കഴിവ് കേടു കൊണ്ടോ, അല്ലെങ്കില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള പ്രാപ്തിയില്ലായ്മ കൊണ്ടോ അമിത്ഷാ അതൊക്കെ അവഗണിച്ചു. ഒരു പക്ഷെ സംഘ വളണ്ടിയര്‍മാരുടെ കയ്യില്‍ പരമാവധി തോക്കുകള്‍ എത്തട്ടെ എന്ന് അദ്ദേഹം വിചാരിച്ചു കാണും.
ഒരു കാര്യം അമിത്ഷാ തീര്‍ച്ചയായും പരിഗണിച്ചു കാണില്ല. തോക്കു കച്ചവടക്കാര്‍ക്ക് അതൊരു കച്ചവടം മാത്രമാണ്. പണം തരുന്ന ആര്‍ക്കും അവര്‍ തോക്ക് വില്‍ക്കും. തോക്കുകള്‍ മാത്രമല്ല ഹാന്‍ഡ് ഗ്രനേഡുകളും മറ്റ് പലതരം ആയുധങ്ങളും. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറുതിയാവുന്ന ആഫ്രിക്ക എന്ന വലിയ മാര്‍ക്കറ്റില്‍ നിന്ന് പിന്മാറുന്ന ആയുധ കച്ചവടക്കാര്‍ പുതിയ മാര്‍ക്കറ്റ് തേടി നടക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാവണം. ഇല്ലെങ്കില്‍ അതറിയാവുന്ന ആരെയെങ്കിലും ആ സ്ഥാനത്തിരുത്താന്‍ പ്രധാനമന്ത്രി തയ്യാറാവണം.
യൂഎന്‍ ഹെലികോപ്റ്ററുകളില്‍ നിന്നെറിഞ്ഞു കൊടുക്കുന്ന ഭക്ഷണ പൊതികള്‍ പെറുക്കാന്‍ എ കെ 47 റൈഫിളുകളും തോളിലിട്ട് ഓടി വരുന്ന ആഫ്രിക്കന്‍ കുട്ടികളാണ് നമ്മളൊക്കെ ജീവിതത്തില്‍ കണ്ട ഏറ്റവും ഭീതിതവും ദയനീയവുമായ കാഴ്ച.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ