ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പങ്കെടുത്ത 1100 പേരെ തിരിച്ചറിഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഫേസ് റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് അമിത് ഷാ പറഞ്ഞു.
1100 അക്രമികളില്‍ 300 പേരും ഉത്തര്‍പ്രദേശില്‍ നിന്നെത്തിയവരാണ്. ഇവര്‍ക്കെതിരെ ശക്തമായ തെളിവ് സമ്പാദിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ദല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാനും പറഞ്ഞിരുന്നു. കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
”ഏകദേശം 1,500 മുതല്‍ 2,000 വരെ ആളുകള്‍ ഈ പ്രദേശങ്ങളില്‍ അക്രമമുണ്ടാക്കാനായി എത്തിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം. ആക്രമണം തുടങ്ങുന്നതിനും ഒരു ദിവസം മുന്‍പാണ് ഇവരെ ഇവിടെ എത്തിച്ചത്. ചില സ്‌കൂളുകളിലാണ് ഇവരെ താമസിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രധാന വസ്തുതാ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.’, ഇസ്‌ലാം ഖാന്‍ പറഞ്ഞു.
അതേസമയം ദല്‍ഹി കലാപത്തില്‍ പൊലീസ് നടത്തിയ ‘ഇടപെടലിനെ’ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. 36 മണിക്കൂര്‍ കൊണ്ട് 20 ലക്ഷം ജനസംഖ്യയുള്ള പ്രശ്‌നബാധിത പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ദല്‍ഹി പൊലീസിന് സാധിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു.
150 ഓളം ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആയുധനിയമ പ്രകാരം 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു.
ദല്‍ഹി കലാപത്തില്‍ പൊലീസ് അനാസ്ഥയെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെയാണ് പൊലീസിനെ ന്യായീകരിച്ച് അമിത് രംഗത്തെത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ദല്‍ഹി പൊലീസിന് നേരത്തെ തന്നെ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിരുന്നു.