| Monday, 8th June 2020, 7:50 am

ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ കേസെടുത്തതായി റിപ്പോര്‍ട്ട്. ബി.ജെ.പി നേതാക്കളുടെ പരാതിയില്‍ എഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി ‘ദേശാഭിമാനി’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത എഷ്യാനെറ്റിന്റെ ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍, ദല്‍ഹി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ എന്നിവരെ പ്രതികളാക്കിയാണ് ദല്‍ഹി ആര്‍.കെ പുരം പൊലീസ് കേസെടുത്തത്.

മതസ്പര്‍ദ്ധ വളര്‍ത്തി, കലാപത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ബി.ജെ.പി നേതാവ് പുരുഷോത്തമന്‍ പാലയാണ് പരാതിക്കാരന്‍.

ഇവര്‍ക്ക് പുറമെ സ്വാതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്ക്കെതിരെയും ദ വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി വക്താവ് നവീന്‍ കുമാറിന്റെ പരാതിയില്‍ ദല്‍ഹി ക്രൈംബ്രാഞ്ച് ആണ് വിനോദ് ദുവയ്ക്കെതിരെ കേസെടുത്തത്.
ദുവെയുടെ ‘വിനോദ് ദുവെ ഷോ’ എന്ന യൂ ട്യൂബ് പരിപാടിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് സിദ്ധാര്‍ഥ് വരദരാജിനെതിരെ കേസെടുത്തത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് സ്ഥാനചലനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ദാവല്‍ പട്ടേലിനെ 72 മണിക്കൂര്‍ തടവിലിട്ടിരുന്നു.

നിസാമുദ്ദീന്‍ മര്‍കസ് തലവന്റേതെന്ന പേരില്‍ പ്രചരിച്ച ശബ്ദ സന്ദേശം വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സപ്രസ് ലേഖകനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ദല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയവണ്‍, ഏഷ്യാനെറ്റ് എന്നീ മലയാളം ചാനലുകള്‍ക്കെതിരെ 48 മണിക്കൂര്‍ നിരോധനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഏറെ വിവാദത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചത്.

We use cookies to give you the best possible experience. Learn more