ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാലയുടെ ലേഡി ശ്രീറാം വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനി ഹോളിദിനത്തില്‍ താന്‍ നേരിട്ട ദുരനുഭവം പുറംലോകത്തെ അറിയിച്ചതോടെ സമാനമായ അനുഭവങ്ങള്‍ ഉണ്ടായെന്ന് വെളിപ്പെടുത്തി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. പെണ്‍കുട്ടികളില്‍ നിന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമര്‍ കോളനി പൊലീസാണ് അന്വേഷിക്കുന്നത്.
ശുക്ലം നിറച്ച ബലൂണ്‍ കൊണ്ടുള്ള ഏറ് ഏല്‍ക്കേണ്ടി വന്നതായി ബി.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി. അമര്‍ കോളനിയ്ക്കു സമീപമുള്ള ഓള്‍ഡ് ഡബിള്‍ സ്‌റ്റോറെയില്‍ വെച്ച് രാവിലെയാണ് ദുരനുഭവമുണ്ടായതെന്നും പെണ്‍കുട്ടി പറഞ്ഞു.
“ഞങ്ങളുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയ്ക്കും ഇത്തരത്തിലുല്‌ള ബലൂണ്‍ ഏറ് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. രാത്രി 8 മണിയോടെയാണ് ഇത് സംഭവിച്ചത്. അവള്‍ സഹായത്തിനായി ഞങ്ങളെ വിളിച്ചു. ബലൂണ്‍ ഏറ് വന്ന വീടിനെ കുറിച്ച് ഞങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ നടപടിയെടുക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.” -പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്യാര്‍ത്ഥിനി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു.
വിഷയത്തില്‍ പൊലീസ് ഇടപെട്ടതോടെ ബലൂണ്‍ ഏറ് വന്ന വീട്ടില്‍ താമസിക്കുന്നവര്‍ മാപ്പെഴുതി നല്‍കി. രണ്ടുനിലയുള്ള വീടിന്റെ മുകളിലെ നിലയില്‍ നിന്നാണ് ബലൂണ്‍ ഏറ് ഉണ്ടായതെന്നും പുരുഷന്മാര്‍ വീട്ടില്‍ ഇല്ലാത്തപ്പോഴാണ് ഇതുണ്ടായതെന്നും വീട്ടുകാര്‍ നല്‍കിയ എഴുത്തില്‍ പറയുന്നു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും വീട്ടുകാര്‍ എഴുതി നല്‍കി.
രാവിലെ തനിക്കു നേരെയും ബലൂണ്‍ ഏറ് ഉണ്ടായതായി മറ്റൊരു പെണ്‍കുട്ടി കൂടി പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ബലൂണ്‍ ഏറുകള്‍ തനിക്ക് ഏറ്റിട്ടുണ്ട. എന്നാല്‍ രാവിലെ എറിഞ്ഞ ബലൂണിലെ ദ്രാവകം അറപ്പുണ്ടാക്കിയെന്നും ബി.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിനി പി.ടി.ഐയോടു പറഞ്ഞു.
വിഷയത്തില്‍ ദ്രുതഗതിയില്‍ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം. പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാര്‍ച്ചു നടത്തുമെന്നും വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചിട്ടുണ്ട്. നാലു ദിവസങ്ങള്‍ക്കു മുന്‍പാണ് ശുക്ലം നിറച്ച ബലൂണ്‍ കൊണ്ടുള്ള ഏറ് ഏല്‍ക്കേണ്ടി വന്ന ദുരനുഭവും ഒരു പെണ്‍കുട്ടി സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.