national news
സന്ദര്‍ശനം വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കും; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 09, 12:59 pm
Tuesday, 9th May 2023, 6:29 pm

ന്യൂദല്‍ഹി: അനധികൃത സന്ദര്‍ശനം നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നോട്ടീസയക്കുമെന്ന് ദല്‍ഹി സര്‍വകലാശാല. ഇനിയും ഇതുപോലെ സന്ദര്‍ശനം നടത്തരുതെന്ന മുന്നറിയിപ്പുമായാണ് സര്‍വകലാശാല നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍വകലാശയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐയാണ് നോട്ടീസ് നല്‍കിയ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നോട്ടീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നല്‍കുമെന്ന് ദല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ വികാസ് ഗുപ്ത പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഇത് അനധികൃതമായ സന്ദര്‍ശനമായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് അദ്ദേഹം കടന്നുവന്നത്. ഞങ്ങളുടെ സര്‍വകലാശയില്‍ ഇതൊരിക്കലും അനുവദിക്കില്ല. ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കും.

ഇത്തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്ന് നേതാവിനോട് പറയും. വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സൂചിപ്പിക്കും,’ ഗുപ്ത പറഞ്ഞു.

വെള്ളിയാഴ്ചയാണ് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. കുറച്ച് വിദ്യാര്‍ത്ഥികളോട് സംവദിച്ചതിന് ശേഷം അദ്ദേഹം അവരോടൊപ്പം ഭക്ഷണവും കഴിച്ചിരുന്നു.

അതേസമയം ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ സര്‍വലകലാശായക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് എന്‍.എസ്.യു.ഐ ആരോപിച്ചു.

എന്നാല്‍ യാതൊരു സമ്മര്‍ദ്ദവും ഇക്കാര്യത്തിലെന്നാണ് രജിസ്ട്രാരുടെ പ്രതികരണം.

content highlight: delhi university will send notice against rahul gandhi