ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ദല്‍ഹി യൂണിവേഴ്‌സിറ്റി മുസ്‌ലിം സംവരണം ഒഴിവാക്കാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.
മാത്തമാറ്റിക്‌സ് എജ്യുക്കേഷന്‍ പ്രോഗ്രാമിലെ മാസ്റ്റര്‍ ഓഫ് സയന്‍സിലേക്കുള്ള മുസ്‌ലിം സംവരണം ഒഴിവാക്കാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ക്ലസ്റ്റര്‍ ഇന്നൊവേഷന്‍ സെന്റര്‍ ഒരുങ്ങുന്നതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് ചേരുന്ന ക്ലസ്റ്റര്‍ ഇന്നൊവേഷന്‍ സെന്ററിന്റെ ഗവേണിങ് ബോഡി യോഗത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേണിങ് ബോഡി തീരുമാനമെടുത്താല്‍ വൈസ് ചാന്‍സിലര്‍ ഇക്കാര്യം പരിഗണിക്കാനുള്ള നിര്‍ദേശം നല്‍കുമെന്നുമാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്.
വിഷയത്തില്‍ മതപരമായ സംവരണം സര്‍വകലാശാലയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയില്‍ ഒരു കോഴ്‌സിനും സംവരണം പാടില്ലെന്നും ദല്‍ഹി യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കോഴ്‌സിലേക്കുള്ള പ്രവേശനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍ വത്കരിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കാണ് പ്രവേശനം നേടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013ലാണ് രണ്ട് യൂണിവേഴ്‌സിറ്റികളും സംയുക്തമായി കോഴ്‌സ് ആരംഭിക്കുന്നത്. കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വഴിയാണ് കോഴ്‌സിലേക്ക് പ്രവേശനം നടക്കാറുള്ളത്.
ആകെ 30 സീറ്റുള്ള കോഴ്‌സില്‍ 12 സീറ്റ് അണ്‍റിസേര്‍വ്ഡായിട്ടുള്ളവര്‍ക്കാണ്. ആറെണ്ണം ഒ.ബി.സിയും നാല് മുസ്‌ലിം ജനറലിലേക്കും മൂന്ന് ഇ.ഡബ്ല്യൂ.എസിനും സംവരണമുണ്ട്. രണ്ട് ഷെഡ്യൂള്‍ഡ് കാസ്റ്റിനും ഷെഡ്യൂള്‍ഡ് ട്രൈബിനും എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലേക്കുള്ള സംവരണം.
Content Highlight: Delhi University waives Muslim reservation in joint course admissions with Jamia Millia; Report