ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയില്‍ നിന്നും യൂണിയന്‍ പിടിച്ചെടുത്ത് എന്‍.എസ്.യു. ഏഴു വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ അധ്യക്ഷ പദവി എന്‍.എസ്.യുവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്‍.എസ്.യുവിന്റെ റോനക് ഖത്രി 20207 വോട്ടുകള്‍ നേടി 1343 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2017ന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനവും ജോയിന്റ് സെക്രട്ടറി സ്ഥാനവും എന്‍.എസ്.യുവിന് ലഭിക്കുന്നത്.
പ്രധാനസ്ഥാനങ്ങള്‍ എന്‍.എസ്.യു നേടിയെങ്കിലും എ.ബി.വി.പി വൈസ് പ്രസിഡന്റ് സ്ഥാനവും സെക്രട്ടറി സ്ഥാനവും നേടുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച എന്‍.എസ്.യു പ്രതിനിധി എ.ബി.വി.പിയുടെ ഋഷഭ് ചൗധരിയെയാണ് തോല്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു പതിറ്റാണ്ടോളമായി എ.ബി.വി.പിയുടെ ആധിപത്യമുള്ള ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്കുള്ള എന്‍.എസ്.യുവിന്റെ സ്ഥാനമുറപ്പിക്കലാണ് വിജയത്തെ ശ്രദ്ധേയമാക്കുന്നത്.
ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയനിലെ കോളേജുകള്‍, ഫാക്കല്‍റ്റികള്‍, ടീച്ചിങ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിനിധി സംഘടനയാണ് എന്‍.എസ്.യു. എല്ലാ വര്‍ഷവും ഓഗസ്റ്റ് 16 മുതല്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 15 വരെയാണ് ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്റെ കാലാവധി.
സെപ്തംബര്‍ 27ന് തെരഞ്ഞെടുപ്പ് കഴിയുകയും 28ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ദല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരം ഫലപ്രഖ്യാപനം വൈകുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംഘര്‍ഷങ്ങളുണ്ടാവുകയും പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി ഫലപ്രഖ്യാപനം വൈകുകയായിരുന്നു. നാല് സെന്‍ട്രല്‍ പാനല്‍ പോസ്റ്റുകളിലേക്കു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികളാണ് പങ്കെടുത്തത്.
Content Highlight: Delhi University Union Election; NSU took back the presidency from ABVP after seven years