ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റി കേരള വിദ്യാര്‍ത്ഥി കൂട്ടായ്മ ആയ മൈത്രി.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ദല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അക്കാദമിക് മേഖലയിലുള്ളവരെ നിരന്തരം വേട്ടയാടുന്ന സര്‍ക്കാര്‍ നടപടിയെ സംഘടന നിശിതമായി വിമര്‍ശിക്കുന്നു.
സംഘടനയുടെ പ്രതികരണം ഇങ്ങനെ
ദല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.ടി ഹാനി ബാബുവിനെതിരെ നിരന്തരമായി നടക്കുന്ന പോലീസ് വേട്ട തീര്‍ത്തും വേദനാജനകമാണ്. എള്‍ഗര്‍ പരിഷദ് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് അദ്ദേഹത്തെ മുംബൈയില്‍ വച്ച് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ മാസം 23 മുതല്‍ മുംബൈയിലെ എന്‍.ഐ.എ ഓഫിസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത് വരുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.
കഴിഞ്ഞ ഡിസംബറില്‍ നോയിഡയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പുസ്തകങ്ങളും ലാപ്‌ടോപും നേരത്തെ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന പുനെ പോലീസ് റെയ്ഡ് ചെയ്തിരുന്നു. അക്കാദമിക് മെറ്റീരിയല്‍സ് ഉള്‍പ്പടെ അടങ്ങുന്ന അവ ഇതുവരെ അദ്ദേഹത്തിന് തിരിച്ചു നല്‍കിയിട്ടില്ല.
ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന പ്രഫ. ഹാനി ബാബു ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ
ജാതിവിരുദ്ധപ്രവര്‍ത്തനങ്ങളിലും പ്രൊഫസര്‍ സായി ബാബ ഉള്‍പ്പടെയുള്ള രാഷ്ട്രീയ തടവുകാരുടെ വിമോചനത്തിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നയാളാണ്.
ദല്‍ഹി യൂണിവേഴ്‌സിറ്റി കേരള വിദ്യാര്‍ത്ഥി കൂട്ടായ്മ ആയ മൈത്രി പ്രഫസര്‍ ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും അക്കാദമിക് മേഖലയിലുള്ളവര്‍ക്കു നേരെ നടക്കുന്ന ഉപദ്രവങ്ങളെ അപലപിക്കുകയും, അതോടൊപ്പം പ്രഫസര്‍ ഹാനി ബാബുവിന് എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ