നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുമുണ്ട്; കര്‍ഷക റാലിയില്‍ അണി നിരക്കാന്‍ ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളും
national news
നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുമുണ്ട്; കര്‍ഷക റാലിയില്‍ അണി നിരക്കാന്‍ ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 6:30 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരുലക്ഷം കര്‍ഷകര്‍ സംഘടിപ്പിക്കുന്ന റാലിയ്ക്ക് പിന്നില്‍ അണി നിരക്കുമെന്ന് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. DU for farmser എന്ന പേരില്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയടക്കം പിന്തുണ തേടിയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നത്. സര്‍വകലാശാലയിലെ അധ്യാപകരും പിന്തുണ നല്‍കി മുന്നോട്ടു വരുമെന്ന് സൂചനയുണ്ട്.

“ഞങ്ങളുടെ പാത്രങ്ങളില്‍ ഭക്ഷണമെത്തിക്കുന്നവരോട് ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിത്. തങ്ങള്‍ ഒറ്റയ്ക്കാണെന്ന് കര്‍ഷകര്‍ക്ക് തോന്നലുണ്ടാവരുത്.” പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ ഗീതാഞ്ജലി ധന്‍കര്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാനാകില്ലെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയായ അനന്യ ചൗധരി പറഞ്ഞു.

ഇന്നും നാളെയുമായാണ് (നവംബര്‍ 29, 30) കര്‍ഷകര്‍ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്. ഇന്ന് ദല്‍ഹിയിലെ ബിജ്‌വാസന്‍, മജ്‌നു കാ ടിലാ, നിസാമുദ്ദീന്‍, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന “കിസാന്‍ മുക്തി മാര്‍ച്ച്” രാംലീല മൈതാനിയില്‍ അവസാനിക്കും. തുടര്‍ന്ന് കര്‍ഷകര്‍ക്കായി Ek Sham Kisan Ke Naam എന്ന പേരില്‍ ഗായകരെയടക്കം അണ്ി നിരത്തി പരിപാടി നടത്തും. നാളെയാണ് രാംലീലയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്. ഇവിടെ നേതാക്കള്‍ കര്‍ഷകരെ അഭിസംബോധന ചെയ്യും.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വിത്തുകളുടെ വൈവിധ്യം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം. ഒന്നര വര്‍ഷത്തിനിടെ നാലാം തവണയാണ് ദല്‍ഹിയിലേയ്ക്ക് കര്‍ഷക സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്.