ന്യൂദൽഹി: ‘ഫലസ്തീനിൻ- വർത്തമാനകാല ചരിത്രവും രാഷ്ട്രീയവും’ എന്ന തന്റെ പ്രഭാഷണത്തിൽ ഉറച്ചുനിൽക്കുന്നതായി ദൽഹി സർവകലാശാല പ്രൊഫസർ അചിൻ വനായിക്.
ഹരിയാനയിലെ ഒ.പി ജിൻഡൽ സർവകലാശാലയിലെ പ്രഭാഷണത്തിലെ ചില പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കണമെന്ന് സർവകലാശാല അധികൃതർ വനായിക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ പ്രഭാഷണത്തിൽ ഉറച്ചുനിൽക്കുന്നതായും അതിൽ ആശയക്കുഴപ്പമുണ്ടായതിലും തെറ്റിദ്ധാരണകൾ ഉയർന്നതിലും ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നിന് പ്രൊഫസർ വനായിക് നടത്തിയ പ്രഭാഷണത്തെ തുടർന്ന് ഇന്ത്യയിലെ ഇസ്രഈലി അംബാസിഡർ നവോർ ഗിലോൺ ഒ.പി ജിൻഡൽ സർവകലാശാലയുടെ വൈസ് ചാൻസിലർക്ക് കത്തെഴുതിയിരുന്നു.
‘ഇസ്രഈൽ എന്ന രാഷ്ട്രത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന ഒരു പരിപാടി എന്തുകൊണ്ട് സർവകലാശാല സംഘടിപ്പിച്ചു എന്ന് എനിക്ക് മനസിലാകുന്നില്ല,’ ഗിലോൺ എഴുതിയ കത്തിൽ പറയുന്നു.
തുടർന്ന് നവംബർ 13ന് പ്രഭാഷണത്തിലെ ‘ഹിന്ദുത്വ, മുസ്‌ലിം വിരുദ്ധമാണ്’ എന്ന പരാമർശം അനാവശ്യവും അധിക്ഷേപകരവുമാണെന്ന് കാണിച്ച് സർവകലാശാല രജിസ്ട്രാർ ദാബിറു ശ്രീധർ പട്നായിക്, പ്രൊഫസർ വനായിക്കിന് കത്തെഴുതി.
‘നിങ്ങൾ ഒരു പ്രത്യേക സമുദായത്തിന് മുൻതൂക്കം നൽകുമ്പോൾ, അത് ദേശീയത സംബന്ധിച്ചുള്ള മറ്റൊരു സങ്കല്പത്തിന് വിരുദ്ധമാണ്. ഇന്ത്യയിൽ ആ സങ്കൽപം സമ്മിശ്ര സ്വഭാവമുള്ള ദേശീയതയാണ്,’ പ്രൊഫസർ വനായിക് പറഞ്ഞു.
തന്റെ പ്രഭാഷണം വലിയ രീതിയിൽ ജനശ്രദ്ധ നേടിയെന്നും അത് റെക്കോർഡ് ചെയ്ത് ഭാഗങ്ങളായി ഓൺലൈനിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്നുള്ള പ്രചാരണം അസംബന്ധമാണെന്നും താൻ പറയാത്ത കാര്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ തീവ്രവാദ അനുകൂലിയാണെന്ന ആശയം തികച്ചും അസംബന്ധമാണ്. എന്റെ വാക്കുകളെ സാന്ദർഭികമായല്ല അവർ മനസിലാക്കിയത്.
ഹമാസിന്റെ പ്രവർത്തനം തീവ്രവാദമായാണ് താൻ കണക്കാക്കുന്നത്. അതിനെ ഞാൻ എതിർക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.
നേരത്തെ ഐ.ഐ.ടി ബോംബെ ഇദ്ദേഹത്തിന്റെ പ്രഭാഷണം റദ്ദാക്കിയിരുന്നു.
Content Highlight: Delhi university professor stands by his lecture at O.P. Jindal University, regrets its misinterpretation