മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രഫ. ജി.എന്‍ സായിബാബക്ക് ജാമ്യം
Daily News
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രഫ. ജി.എന്‍ സായിബാബക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st July 2015, 9:28 am

saibaba

ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ദല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി.എന്‍ സായിബാബയ്ക്ക് ജാമ്യം. മൂന്ന് മാസത്തെ താത്കാലിക ജാമ്യമാണ് മുംബൈ ഹൈക്കോടതി സായിബാബക്ക് അനുവദിച്ചത്. ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് എസ്.ബി. ശുക്രെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി 2014ലാണ് സായിബാബ അറസ്റ്റിലായിരുന്നത്.

നാഗ്പൂരിലെ ജയിലില്‍ കഴിയുകയായിരുന്ന സായിബാബയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ജൂണ്‍ 17ന് കോടതി ഉത്തരവിട്ടിരുന്നു.  സായിബാബയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിവരിച്ചും ചികിത്സ നല്‍കുന്നതിലെ അപാകതയും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തക പൂര്‍ണിമ ഉപാധ്യായ് അയച്ച കത്ത് പരിഗണിച്ചാണ് സായിബാബയുടെ ജാമ്യം വിണ്ടും പരിഗണിച്ചത്.

സായിബാബ ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തളളിയിരുന്നു.

ദല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള രാം ലാല്‍ ആനന്ദ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന സായിബാബയെ 2014 മെയ് 9നാണ് അറസ്റ്റ് ചെയ്തിരുന്നത്. മഹാരാഷ്ട്രയിലെ ഗച്ചിറോളിയിലെ മാവോയിസ്റ്റ് പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന ആരോപിച്ചായിരുന്നു അറസ്റ്റ്.