ദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഡോ. ജി.എന്‍ സായിബാബയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
2015 ജൂലൈയില്‍ ജാമ്യം അനുവദിച്ചെങ്കിലും ഡിസംബറില്‍ ബോംബെ ഹൈക്കോടതി ഇത് റദ്ദാക്കുകയായിരുന്നു.
നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് അംഗമെന്നാരോപിച്ച് ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാംലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ 2014 മെയ് 9നാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ജി.എന്‍ സായിബാബയ്ക്ക് ജാമ്യം നല്‍കാനുള്ള കോടതിയുടെ തീരുമാനത്തെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാരിനോട് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ പറഞ്ഞതിങ്ങനെ; കുറ്റം ചുമത്തപ്പെട്ടയാളോട് നിങ്ങള്‍ തീര്‍ത്തും പക്ഷപാതപരമായാണ് പെരുമാറിയത്. തെളിവുകളെല്ലാം പരിശോധിച്ചെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്തിനാണ് ഇദ്ദേഹത്തെ ജയിലില്‍ വേണ്ടത്. ഹര്‍ജിക്കാരനെ നിങ്ങള്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണ്.
ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഹേമന്ത് മിശ്രയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിനു പിന്നാലെയായിരുന്നു ജി.എന്‍ സായിബാബയുടെ അറസ്റ്റ്.