| Wednesday, 10th November 2021, 11:35 am

വീട്ടില്‍ നിന്നും ഇറക്കിവിട്ടു; ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന് ഡ്രൈവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. 32 കാരിയായ സ്ത്രീയെ കഴുത്ത് ഞെരിച്ചും വൈദ്യുതാഘാതമേല്‍പ്പിച്ചും കൊന്ന കേസിലാണ് ചൊവ്വാഴ്ച ദല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മൂന്നു വര്‍ഷമായി താമസിച്ച വീട്ടില്‍ നിന്നും പുറത്താക്കിയതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറായ വീരേന്ദര്‍ കുമാറിന്റെ ഭാര്യ പിങ്കിയാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയില്‍ ബുരാരിയിലെ ഒരു തെരുവില്‍ പരിഭ്രാന്തനായി ഇരുന്ന രാകേഷിനെ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീയെ കൊന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചു.

ഇതോടെ പൊലീസ് സന്ത് നഗറിലെ യുവതിയുടെ വീട്ടിലെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് പിങ്കിയുടെ ഭര്‍ത്താവ് വീരേന്ദര്‍ കുമാര്‍ തന്നെ വീടിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് പറഞ്ഞു. രാകേഷ് തൊഴില്‍രഹിതനായതിനാല്‍, ജീവിക്കാന്‍ വേണ്ടി കുമാര്‍ തന്റെ കാറും അദ്ദേഹത്തിന് കടം നല്‍കി.

2021ല്‍ കുമാര്‍ പിങ്കിയെ വിവാഹം ചെയ്തതിന് ശേഷം താമസിക്കുന്ന റൂമിന് വാടക കൊടുക്കാതായതോടെ ഇവര്‍ രാകേഷിനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കുമാര്‍ വീട്ടിലില്ലാത്ത സമയം നോക്കി പിങ്കിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Delhi University Professor’s Wife Allegedly Murdered By Driver

We use cookies to give you the best possible experience. Learn more