|

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ കോളേജുകള്‍ക്ക് സര്‍ക്കുലര്‍ ഇറക്കി ദല്‍ഹി യൂണിവേഴ്‌സിറ്റി; വിമര്‍ശനം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് കോളേജുകള്‍ക്ക് നോട്ടീസ് അയച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റി. ദല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഹാജരാകണമെന്നാണ് നിര്‍ദേശം.

സര്‍വകലാശാലയുടെ സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. സര്‍വകലാശല രജിസ്ട്രാര്‍ വികാസ് ഗുപ്തയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഏപ്രില്‍ 13ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന റണ്‍ ഫോര്‍ എ ഗേള്‍ ചൈല്‍ഡ് എന്ന പരിപാടിക്ക് വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി ക്ഷേമ ഫണ്ട് വഴി പങ്കാളിത്ത ഫീസ് നല്‍കാനും കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആര്‍.എസ്.എസ് നടത്തുന്ന പരിപാടി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, നൈപുണ്യ വികസനം തുടങ്ങിയവ സൃഷ്ടിക്കുകയെന്നത് ലക്ഷ്യമിട്ടാണെന്നും അതിനാലാണ് പണം ആവശ്യപ്പെടുന്നതെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

എന്നാല്‍ ആര്‍.എസ്.എസ് നടത്തുന്ന പരിപാടിക്ക് സര്‍വകലാശാല എന്തിനാണ് ഔദ്യോഗിക പിന്തുണ നല്‍കുന്നതെന്നാണ് അധ്യാപക സംഘടനകള്‍ ചോദിക്കുന്നത്. ഔദ്യോഗിക പിന്തുണ നല്‍കുന്നത് പക്ഷപാതപരമാണെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചില അധ്യാപകര്‍ പറഞ്ഞു.

അനാവശ്യ ചെലവുകളാണെന്നും സര്‍വകലാശാല എന്ന നിലയില്‍ ഒരു സംഘടനയുടെയും പക്ഷം ചേരേണ്ട ആവശ്യമില്ലെന്നും അധ്യാപകര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓരോ കോളേജിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും സ്ത്രീകളുടെ ഉന്നമനത്തിനുള്ള പരിപാടിയാണിതെന്നുമാണ് സര്‍വകലാശാല അധികൃതര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

ഇതിന് മുമ്പും ആര്‍.എസ്.എസ് പരിപാടിക്ക് പിന്തുണ നല്‍കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടതായും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വികസിത് ഭാരതില്‍ പങ്കെടുക്കാനായിരുന്നു പറഞ്ഞിരുന്നത്.

Content Highlight: Delhi University issues circular to colleges to participate in RSS event; criticism strong