ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ എഴുതുന്നത് എങ്ങിനെയെന്നു പഠിപ്പിക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല. സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യവിഭാഗം വിദ്യാര്‍ത്ഥികളെയാണ് ഫേസ്ബുക്ക് എഴുത്തിനെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങുന്നത്.
ചേതന്‍ ഭഗതിന്റെ നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ അവസാനിക്കുന്നതിന്റെ മുന്നേയാണ് അടുത്ത തീരുമാനവുമായ് യൂണിവേഴ്‌സിറ്റിയെത്തിയിരിക്കുന്നത്. അക്കാദമിക് റൈറ്റിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാകും ഫേസ്ബുക്ക് പോസ്റ്റ് എഴുത്തിനെക്കുറിച്ചുള്ള പഠനം.
പുതിയ പാഠ്യപദ്ധതിയുമായ് ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകള്‍ക്ക് അയച്ച് കൊടുത്തിരിക്കുകയാണ്. ഇതില്‍ കോളേജുകളുടെ തീരുമാനം അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം എടുക്കുക. നൈപുണ്യവികസനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെടുത്തതെന്നാണ് വിവരങ്ങള്‍.
ഫേസ്ബുക്ക് പോസ്റ്റുകള്‍, കവറിങ്, ബ്ലോഗെഴുത്തുകള്‍ എന്നിവയെല്ലാം എഴുത്തുകളില്‍ ഉള്‍പ്പെടുന്നതാണെന്നാണ് സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം പറയുന്നത്. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ്. വഷയത്തില്‍ മെയ് ഒന്നിനകം തീരുമാനം ഉണ്ടായേക്കും.