ന്യൂദല്‍ഹി: സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണെന്ന് ദല്‍ഹി സര്‍വകലാശാല അധികൃതര്‍.
പ്രവേശനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയെന്നും ദല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.
ഒരു കേന്ദ്ര സര്‍വകലാശാല എന്ന നിലയില്‍, ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ സംസ്ഥാനമോ സ്‌കൂള്‍ ബോര്‍ഡോ പരിഗണിക്കാതെ അക്കാദമിക് യോഗ്യതകളെ വിലമതിച്ചുകൊണ്ടാണ് പ്രവേശനം നല്‍കുന്നതെന്നും ഈ വര്‍ഷവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് തുല്യ അവസരം നിലനിര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നാണ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ സാമൂഹ്യ മാധ്യമത്തില്‍ പരാമര്‍ശിച്ചത്.
കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചു. ദല്‍ഹി സര്‍വകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇയാളുടെ പരാമര്‍ശം.