ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിക്കുന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ സെമിനാര്‍ സെഷന്‍ വിലക്കി ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നിയമ വിഭാഗം. പരിപാടി തുടങ്ങാന്‍ കേവലം ഇരുപത് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് പരിപാടി ഒഴിവാക്കുന്നതായി വകുപ്പ് മേധാവി അറിയിച്ചത്.
ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നിയമ വിഭാഗം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രശാന്ത് ഭൂഷണ്‍ സംസാരിക്കേണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ (Challenges To Indian Constitution) എന്നതായിരുന്നു സെമിനാറിലെ ചര്‍ച്ചാ വിഷയം.
എന്നാല്‍ പരിപാടിക്ക് തൊട്ടു മുമ്പ് സെമിനാര്‍ സെഷന്‍ റദ്ദാക്കിയതായി വകുപ്പ് മേധാവി അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനാവുന്നില്ല എന്ന കാരണം കാണിച്ചായിരുന്നു പരിപാടി റദ്ദാക്കിയത്.
‘ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് സി.എല്‍.സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കാനിരുന്ന പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നു.
കോണ്‍ഫറന്‍സ് റൂം ബുക്കിംഗ് സംബന്ധിച്ച കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് 25ാം തീയ്യതി മുതലുള്ള വിദ്യാര്‍ത്ഥികളുടെ നിയന്ത്രിക്കാനാവാത്ത പെരുമാറ്റത്തിന്റെയും കോണ്‍ഫറന്‍സ് റൂമിന്റെ നവീകരണ പ്രവര്‍ത്തിയും കാരണമാണ് പരിപാടി മാറ്റിവെക്കുന്നത്,’ നിയമ വിഭാഗം പുറത്തുവിട്ട നോട്ടീസില്‍ പറയുന്നു.
കോണ്‍ഫറന്‍സ് റൂമിന്റെ അറ്റകുറ്റ പണികള്‍ കാരണമാണ് പരിപാടി ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്നായി പറഞ്ഞതെങ്കിലും മുറിയുടെ പുറത്തുവെച്ച് പരിപാടി സംഘടിപ്പിക്കുന്നതും ഇവര്‍ വിലക്കി.