ന്യൂദൽഹി: സത്ബാരിയിൽ ഉന്നതരുടെ ഫാം ഹൗസുകൾ സംരക്ഷിക്കാൻ വേണ്ടി റോഡ് അലൈൻമെന്റിൽ ദൽഹി വികസന അതോറിറ്റി മാറ്റം വരുത്തിയതായി പരാതി. സത്ബാരിയിൽ റോഡ് വീതി കൂട്ടാനെന്ന പേരിൽ നിയമവിരുദ്ധമായി 1,100 മരങ്ങൾ വെട്ടിമാറ്റിയ കേസിൽ കോടതിയലക്ഷ്യ നടപടി നേരിടവേയാണ് ഡി.ഡി.എയ്ക്ക് നേരെ പുതിയ പരാതി ഉയരുന്നത്.
മരം മുറിച്ച് മാറ്റിയതിന്റെ എതിർവശത്തുള്ള ഉന്നതരുടെ ഫാം ഹൗസുകൾ സംരക്ഷിക്കാൻ വേണ്ടി റോഡ് പദ്ധതിയുടെ അലൈൻമെന്റ് ഡി.ഡി.എ മാറ്റിയെന്ന പരാതിയുമായാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. റോഡ് വീതി കൂട്ടുന്ന പദ്ധതിക്കായുള്ള ഡി.ഡി.എയുടെ ഭൂമി ഏറ്റെടുക്കൽ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് ഹരജികൾ നേരത്തെ വന്നിരുന്നു.
മരം മുറിച്ചതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ഗൗശാല റോഡ് നിവാസിയായ നീരജ് കുമാർ സുപ്രീം കോടതിയിൽ പുതിയ ഹരജി സമർപ്പിച്ചത്.
ഡി.ഡി.എയുടെ ഈ നടപടിക്കെതിരെ ഒക്ടോബർ മുതൽ പ്രധാനമന്ത്രിയുടെയും ലഫ്റ്റനന്റ് ഗവർണറുടെയും ഓഫീസിൽ താൻ പരാതി നൽകിയിരുന്നെന്നും എന്നാൽ അതിൽ ഫലമുണ്ടായില്ലെന്നും നീരജ് കുമാർ പറഞ്ഞു.
ഡി.ഡി.എ പുതുക്കി നിർമിച്ച അലൈന്മെന്റിൽ മുറിച്ച് മാറ്റിയ മരങ്ങളുടെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഉന്നതരുടെ ഫാം ഹൗസുകൾ സംരക്ഷിക്കപ്പെടുകയും സംരക്ഷിത വന വിഭാഗത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെടുകയുമാണ്.
ആദ്യ അലൈന്മെന്റിൽ 50 മരങ്ങൾ മാത്രമായിരുന്നു മുറിക്കാനായിരുന്നു പദ്ധതി. എന്നാൽ ഡി.ഡി.എ അലൈൻമെന്റ് പുതുക്കി നിർമിക്കുകയും 1100 മരങ്ങൾ മുറിച്ച് മാറ്റുകയുമായിരുന്നു . മാറ്റം വരുത്തിയ അലൈൻമെന്റ് നിരവധി കുടുംബങ്ങളെയും ചെറുകിട കച്ചവടക്കാരെയും ബാധിക്കുന്നുണ്ടെന്നും നീരജ് കുമാർ തന്റെ ഹരജിയിൽ കൂട്ടിച്ചേർത്തു.
ഛത്തർപൂർ മെയിൻ റോഡിനെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയുമായി ബന്ധിപ്പിക്കുന്നു ഗൗശാല റോഡ്.
നിയമപരമായി സംരക്ഷിച്ചിരിക്കുന്ന ദൽഹി സംരക്ഷിത ഏരിയയുടെ ഭാഗമായിരുന്ന മരങ്ങൾ കോടതിയുടെ അനുമതിക്ക് കാത്തുനിൽക്കാതെ ഡി.ഡി.എ മുറിച്ചുമാറ്റുകയായിരുന്നു. ഇതേ തുടർന്ന് ഡി.ഡി.എയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
200 ഓളം കുടുംബങ്ങളാണ് പുതുക്കിയ അലൈൻമെന്റിലൂടെ ദുരിത ബാധിതരാകാൻ പോകുന്നത്. ഉന്നതരുടെ നാല് ഫാം ഹൗസുകൾ സംരക്ഷിക്കാൻ വേണ്ടിയാണ് ഡി.ഡി.എ ഇത് ചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു.
റോഡ് വീതി കൂട്ടാനുള്ള നിർദേശം 2022 മുതൽ ചർച്ചയിൽ ഉണ്ടായിരുന്നു. 2022 ഓഗസ്റ്റിൽ ഡി.ഡി.എയുടെ ഏകീകൃത ട്രാഫിക് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചർ സെൻ്റർ ഈ പദ്ധതിക്ക് അംഗീകാരം നൽകി.
Content Highlight: Delhi tree-felling case: DDA changed road alignment to ‘favour’ farmhouses