ദല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട വാഹന നിയന്ത്രണം
national news
ദല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട വാഹന നിയന്ത്രണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th November 2023, 5:32 pm

ന്യുദല്‍ഹി: വര്‍ദ്ധിച്ചു വരുന്ന വായു മലിനീകരണം തടയാന്‍ നവംബര്‍ 13 മുതല്‍ ദല്‍ഹിയില്‍ നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കി ‘ഒറ്റ-ഇരട്ട’ പദ്ധതി നടപ്പാക്കും.

‘നവംബര്‍ 13 മുതല്‍ 20 വരെയുള്ള ഒരാഴ്ചത്തേക്ക് ഒറ്റ ഇരട്ട വാഹന റേഷന്‍ സംവിധാനം പുനരാരംഭിക്കുമെന്ന് ദല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ അവസാന അക്കത്തെ അടിസ്ഥാനമാക്കിയുള്ള ഒറ്റ ഇരട്ട സംവിധാനം കടുത്ത വായു മലിനീകരണ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് ദല്‍ഹിയില്‍ ഇടയ്ക്കിടെ എടുക്കുന്ന നടപടിയാണ്.

മലിനീകരണ തോത് അനിയന്ത്രിതമായി വര്‍ദ്ധിച്ചത് മൂലമുണ്ടാകുന്ന ഡല്‍ഹിയിലെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് റായിയുടെ തീരുമാനം.

ഒറ്റ-ഇരട്ട പദ്ധതിയുടെ ഭാഗമായി,ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍ പ്ലേറ്റുകള്‍ (1, 3, 5, 7) ഉള്ള വാഹനങ്ങള്‍ ഒറ്റ അക്കത്തിലുള്ള ദിവസങ്ങളിലും ഇരട്ടക്ക നമ്പര്‍ പ്ലേറ്റുകള്‍ (0,2,4,6,8) വാഹനങ്ങള്‍ ഇരട്ട അക്കത്തിലുള്ള ദിവസങ്ങളിലും മാത്രമേ റോഡുകളില്‍ ഇറങ്ങാവൂ.

10,12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകള്‍ക്കും നവംബര്‍ 10 വരെ   ഓഫ് ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ പദ്ധതി ഇടുന്നതായും അദേഹം പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിന് ശേഷമാണ് പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചത്.മന്ത്രിമാരായ ഗോപാല്‍ റോയ്, അതിഷി,സൗരഭ് ഭരദ്വാജ് എന്നിവരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

CONTENT HIGHLIGHT: Delhi to reintroduce Odd-Even scheme from Nov 13-20 to combat ‘severe’ air pollution