ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തില്‍ അതീവ ഗുരുതരാവസ്ഥയിലാണ് ദല്‍ഹി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2,267 പേരാണ് ദല്‍ഹിയില്‍ കൊവിഡ് മൂലം മരണമടഞ്ഞത്. ഇതിനിടയിലും കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം തുടരുകയാണ്.
സെന്‍ട്രല്‍ വിസ്ത എന്ന പേരിലാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം മുന്നേറുന്നത്. ഓക്‌സിജന്‍ ലഭിക്കാതെ രാജ്യ തലസ്ഥാനത്ത് നിരവധി പേര്‍ മരിക്കുമ്പോഴുമാണ് സെന്‍ട്രല്‍ വിസ്തയുടെ പണി തുടരുന്നത്.
തലസ്ഥാനത്ത് കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും സെന്‍ട്രല്‍ വിസ്തയുടെ പണി ഇപ്പോഴും തുടരുകയാണെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരമടക്കം 20000 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിച്ച് പുനര്‍നിര്‍മിക്കുന്നതും ഈ പദ്ധതിയില്‍ പെടും.
ദല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മാണ സ്ഥലങ്ങളില്‍ തന്നെ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാടുള്ളുവെന്നാണ്.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് സെന്‍ട്രല്‍ വിസ്തയുടെ പ്രവര്‍ത്തികള്‍ തുടരുന്നത്. ‘അത്യാവശ്യ സേവനം’ ആയി പരിഗണിച്ചാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നടത്തുന്നതെന്നാണ് സ്‌ക്രോള്‍. ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Central Vista Project में खर्च हो रहे
20,000 करोड़ से अगर वेंटिलेटर/ICU बेड
खरीदे जाते तो आज लाखो हिंदुस्तानी जिंदा होते..अफसोस नीति बनाने वालों के लिए जान नही आराम जरूरी है ।
— Srinivas B V (@srinivasiyc) April 25, 2021
180 ഓളം വാഹനങ്ങളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിക്കൊണ്ടിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി നൂറ് കണക്കിന് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവില്‍ രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക എന്നത്. 940 കോടി രൂപയാണ് മന്ദിരത്തിന് മാത്രമായി കണക്കാക്കുന്നത്.
ത്രിക്രാണ ആകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിയ്ക്കും, വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, തുടങ്ങി പത്തോളം കെട്ടിട നിര്‍മ്മാണ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
അതേസമയം, ദല്‍ഹിയില്‍ കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. ഓക്സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍.
ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഓക്സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Delhi suffocated in covid; Construction of the new Parliament House in Lockdown as a ‘necessary service