പെണ്‍കുട്ടിയുമായുള്ള ബന്ധം; ദല്‍ഹിയില്‍ 18കാരനെ തല്ലിക്കൊന്നു
national news
പെണ്‍കുട്ടിയുമായുള്ള ബന്ധം; ദല്‍ഹിയില്‍ 18കാരനെ തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 3:11 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ആരോപിച്ച് 18കാരനെ തല്ലിക്കൊന്നു.ആദര്‍ശ് നഗറിലെ താമസക്കാരനായ രാഹുലാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം നടന്നത്.

ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം ആരോപിച്ചായിരുന്നു അക്രമം. അക്രമത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ കുടുംബമാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനേയും, കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഹുല്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊല്ലപ്പെടുന്നതിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടിയ്ക്ക് രാഹുലുമായുള്ള ബന്ധത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് രാഹുല്‍. രാഹുല്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. എട്ട് പത്ത് ആളുകള്‍ ചേര്‍ന്നാണ് രാഹുലിനെ മര്‍ദ്ദിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കൂട്ടമായെത്തി രാഹുലിനെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിലേറ്റ പരുക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് പേരും വ്യത്യസ്ത വിഭാഗത്തിലുള്ളവരായിരുന്നതിനാലാണ് പെണ്‍കുട്ടിയുടെ കുടുംബം ഇരുവരും തമ്മിലുള്ള ബന്ധത്തിന് എതിരുനിന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് രാഹുലിന്റെ കുടുംബം പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മടിച്ചുവെന്നാണ് രാഹുലിന്റെ അമ്മ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi Student, 18, Beaten To Death Allegedly Over Relationship With Girl