| Monday, 29th June 2020, 8:04 am

തെരുവുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ലോക് ഡൗണില്‍ കുറവ് വന്നതായി ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരുവുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ലോക്ഡൗണ്‍ കാലയളവില്‍ ഗണ്യമായ കുറവുവന്നതായി റിപ്പോര്‍ട്ടുകള്‍. ദല്‍ഹി പൊലീസ് പുറത്തുവിട്ട കണക്കുകള്‍പ്രകാരം 56 ശതമാനം കുറവാണ് തെരുവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ദല്‍ഹി പൊലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കവര്‍ച്ച, പിടിച്ചുപറി, പരിക്കേല്‍പ്പിക്കല്‍ മോട്ടോര്‍ വാഹന മോഷണം എന്നീ കേസുകള്‍ ഈ വര്‍ഷം മെയ് വരെ ഗണ്യമായികുറഞ്ഞതായി പറയുന്നുണ്ട്.

കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ മേയ് മാസം ആകുമ്പോഴേയ്ക്കും ആയിരത്തിനടുത്ത് കവര്‍ച്ചാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 964 ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് പൊലീസിന്റെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 596 ആയി കുറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 2,811 പിടിച്ചുപറി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം അത് 2,141 ആയി കുറഞ്ഞു.

പട്രോളിംഗ് ടീമുകളും പിക്കറ്റുകള്‍, ആശുപത്രികള്‍, കൊവിഡ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും നഗരത്തിലെ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവ് വന്നതായി ദല്‍ഹി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മേയ് വരെ 891 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇത്തവണ 520 കേസുകളായി കുറഞ്ഞു.

ലൈംഗികാതിക്രമ കേസുകളില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായാതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more